രണ്ടു കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

തൃശൂര്‍: രണ്ട് കിലോ കഞ്ചാവുമായി തമിഴ് യുവാവ് പിടിയില്‍. തമിഴ്‌നാട് ശിവഗംഗ താലൂക്കില്‍ മുത്തുപ്പെട്ടി അയ്യങ്കാര്‍ കോവില്‍ സ്ട്രീറ്റിലെ കാര്‍ത്തിക്(25) ആണ് കഞ്ചാവുമായി പിടിയിലായത്.
തൃശൂര്‍ എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഗുരുവായൂര്‍ ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. എറണാകുളത്തു നിന്നും ട്രെയിന്‍ മാര്‍ഗം ഗുരുവായൂരിലേക്ക് കഞ്ചാവ് എത്തിച്ച യുവാവിനെ ട്രെയിനില്‍ നിരീക്ഷിച്ചു വന്ന ഇന്റലിജന്റ് വിഭാഗത്തിന് തോന്നിയ സംശയമാണ് കേസിന് വഴി തെളിഞ്ഞത്. കേരളത്തിലും തമിഴ്‌നാട്ടിലും മാറി മാറി തങ്ങുന്ന ഇയാള്‍ കഞ്ചാവ് കടത്തിലെ കാരിയറായി പ്രവര്‍ത്തിച്ചിരുന്നയാളാണ്.
പ്രതിയില്‍ നിന്നും പിടികൂടിയ കഞ്ചാവ് ജോലി അന്വേഷിച്ച് എറണാകുളത്തു തങ്ങിയ പ്രതിക്ക് ഗുരുവായൂരില്‍ എത്തിക്കുന്നതിനായി നല്‍കിയതാണെന്നു പറയുന്നു. കഞ്ചാവ് എത്തിക്കുന്ന വകയില്‍ പ്രതിഫലമായി 2000 രൂപ ലഭിച്ചെന്നും ചോദ്യം ചെയ്യലില്‍ കാര്‍ത്തിക് സമ്മതിച്ചു.
കഞ്ചാവിന്റെ മണം പുറത്തു വരാതിരിക്കുവാന്‍ വേണ്ടി വാസന തൈലം പുരട്ടിയാണ് കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് നല്‍കിയ ഹംസയെ കുറിച്ചും ചാവക്കാട്, ഗുരുവായൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കച്ചവടക്കാരെ കുറിച്ചും അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ തൃശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ബി സുമേഷ്, ഗുരുവായൂര്‍ ആര്‍പിഎഫ് എഎസ്‌ഐ വി കെ ചന്ദ്രന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ജിന്റോ ജോണ്‍, എം ജി അനൂപ് കുമാര്‍, റിന്റോ ആന്റണി, കെ സി അനന്തന്‍, കെ എസ് ഷിബു, അബ്ദുല്‍ വഹാബ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഗിരിധരന്‍, സന്തോഷ്, വിശാല്‍, റെനില്‍ രാജന്‍, നിധിന്‍ മാധവന്‍, ശ്രീജിത്ത്, റെയില്‍വേ വനിത കോണ്‍സ്റ്റബിള്‍ പ്രസന്ന എന്നിവരുമുണ്ടായിരുന്നു.

RELATED STORIES

Share it
Top