രണ്ടായിരത്തോളം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ബേപ്പൂര്‍: നടുവട്ടം ചേനോത്ത് സ്‌കൂളിനു സമീപം  വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ടായിരത്തോളം  നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലിസ് പിടികൂടി. നല്ലളം മോഡേണ്‍ ബസാറിലെ ജയന്തി റോഡില്‍ താമസിക്കുന്ന വലിയ വളവ്  ഇ കെ അസ്ലം( 35 )  ആണ് മാറാട്  പോലിസിന്റെ പിടിയിലായത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും വട്ടക്കിണര്‍ ബേപ്പൂര്‍ റോഡുകളിലെ  കടകളിലും ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിലും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സ്ഥിരമായി വില്‍പന നടത്തുന്നയാളാണ്  ഇയാളെന്ന് മാറാട് പോലിസ് അറിയിച്ചു.
പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ പോര്‍ട്ടറായ അസ്ലം അയല്‍സംസ്ഥാനങ്ങളില്‍നിന്ന് അതിരാവിലെ കോഴിക്കോട്ട് എത്തുന്ന ബസ്സുകളിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ നാലിരട്ടിയിലധികം വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്.
മാറാട് നടുവട്ടം ബേപ്പൂര്‍ ഭാഗങ്ങളില്‍ ലഹരി മാഫിയ വന്‍തോതില്‍ സ്വാധീനം ചെലുത്തുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തില്‍ മാറാട് എസ്‌ഐ കെ എക്‌സ് തോമസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തോരാത്ത മഴയും ഉച്ച സമയവും ആയതിനാല്‍ പോലിസുണ്ടാകില്ലെന്ന ഉറച്ച ധാരണയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ബേപ്പൂര്‍ ഭാഗത്തേക്കും മൊത്തവിതരണത്തിനായി കൊണ്ടു പോകുകയായിരുന്നു. മാറാട് എസ്‌ഐ കെ എക്‌സ് തോമസ്, എഎസ്‌ഐ. സുഗതന്‍, സിപിഒമാരായ സി അരുണ്‍കുമാര്‍, പി സരീഷ്,ബിനോയ് സാമുവല്‍, കെ ഷിനോജ്, സിസുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

RELATED STORIES

Share it
Top