'രണ്ടാമൂഴം' തിരക്കഥ ഉപയോഗിക്കുന്നതിന് സംവിധായകനു കോടതി വിലക്ക്‌

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവലായ 'രണ്ടാമൂഴം' അടിസ്ഥാനമാക്കി സിനിമയ്ക്ക് വേണ്ടി അദ്ദേഹം രചിച്ച തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്നു സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന് കോടതിയുടെ താല്‍ക്കാലിക വിലക്ക്. എം ടി വാസുദേവന്‍ നായര്‍ നല്‍കിയ പരാതി പരിഗണിച്ചു കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. വി എ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും നോട്ടീസ് അയക്കാനും ഉത്തരവായി. 25നു കേസ് വീണ്ടും പരിഗണിക്കും.
സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാല്‍ എം ടി സിനിമാ പ്രൊജക്റ്റില്‍ നിന്നു പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും കരാര്‍ കഴിഞ്ഞിട്ടും ഒരു വര്‍ഷം കൂടി അദ്ദേഹത്തിനു സമയം നീട്ടിനല്‍കിയെന്നും എം ടി ഹരജിയില്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പ് നല്‍കിയ തിരക്കഥ ഇതുവരെയും സിനിമയാക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ല. സംവിധായകനില്‍ നിന്നു മുന്‍കൂറായി വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും എം ടി ഹരജിയില്‍ പറഞ്ഞു.
മഹാഭാരതത്തിലെ ഭീമന്റെ മാനസികവ്യഥകള്‍ സൂക്ഷ്മമായി പകര്‍ത്തിയ 'രണ്ടാമൂഴം' മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ്. ഈ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തെ വന്‍ പ്രതീക്ഷയോടെയാണു ചലച്ചിത്രലോകവും പ്രേക്ഷകരും കാത്തിരുന്നത്. പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രത്തില്‍ ഭീമന്റെ റോളില്‍ മോഹന്‍ലാലിനെ പ്രഖ്യാപിച്ചിരുന്നു. 1000 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന സിനിമ ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയതാവുമെന്നാണ് കരുതിയിരുന്നത്. പ്രമുഖ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയായിരുന്നു നിര്‍മാതാവ്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് എം ടി തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ അദ്ദേഹം കാണിച്ച ആവേശവും ആത്മാര്‍ഥതയും അണിയറ പ്രവര്‍ത്തകരില്‍ നിന്നു ലഭിച്ചില്ലെന്ന തോന്നല്‍ എം ടിയെ വേദനിപ്പിച്ചു. പിന്മാറ്റത്തിന് അതു പ്രധാന കാരണമായി.
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കൊപ്പം എം ടിയും ഈ സിനിമയെ സ്വപ്‌ന പദ്ധതിയായാണു കണ്ടിരുന്നത്. 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്‌കാരം 'മഹാഭാരത്' എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി ഇറക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഭാഗം ഇറങ്ങി നാലു മാസത്തിനു ശേഷം രണ്ടാം ഭാഗവും ഇറക്കാനായിരുന്നു തീരുമാനം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ടായിരുന്നു സിനിമ.RELATED STORIES

Share it
Top