രണ്ടാനമ്മയുടെയും സഹോദരീ ഭര്‍ത്താവിന്റെയും മര്‍ദനം: 13 കാരന്‍ ആശുപത്രിയില്‍

മുക്കം: ശുചി മുറിയില്‍ വെള്ളം കൊണ്ടുവച്ചില്ലെന്ന കാരണത്താല്‍ രണ്ടാനമ്മയും അവരുടെ സഹോദരി ഭര്‍ത്താവും ചേര്‍ന്ന് പതിമൂന്ന്കാരനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മുക്കം നഗരസഭയിലെ തോട്ടത്തിന്‍ കടവ് സ്വദേശിയായ വിദ്യാര്‍ഥിയാണ് മര്‍ദനത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സ്‌കൂള്‍ വിട്ടു വന്ന സമയത്ത് വിദ്യാര്‍ഥിയോട് ടോയ്‌ലറ്റില്‍ വെള്ളംകൊണ്ട്‌പോയി വയ്ക്കാന്‍ രണ്ടാനമ്മ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ താന്‍ കുളിച്ചു കഴിഞ്ഞു എന്നും പഠിക്കാനുണ്ടന്നും പറഞ്ഞപ്പോള്‍ രണ്ടാനമ്മയുടെ സഹോദരി ഭര്‍ത്താവ് വിദ്യാര്‍ഥിയുടെ വയറിന് ചവിട്ടുകയായിരുന്നു. ചവിട്ടിന്റെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട വിദ്യാര്‍ഥിയെ ആരും തിരിഞ്ഞു നോക്കിയില്ല. വൈകുന്നേരം പിതാവ് പണി കഴിഞ്ഞെത്തിയ ഉടനെ കുട്ടിയെ തന്റെ വീട്ടില്‍കൊണ്ടാക്കുകയായിരുന്നു. ഞായറാഴ്ച കുട്ടിക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ കോഴിക്കോട് മെഡി. കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയില്‍ കുട്ടിയുടെ നാഭിക്ക് നീര്‍ക്കെട്ടുള്ളതായി കണ്ടെത്തുകയും ചെയ്തു.
കുട്ടിയുടെ കൈ തിരിച്ചതിനെ തുടര്‍ന്ന് കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇതിന് മുമ്പ് കുട്ടിയെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ചിരുന്നു. സ്‌കൂള്‍ വിട്ടു വന്നതിന് ശേഷം വീട്ടിലെ ജോലിയെല്ലാം ഈ കുട്ടിയെക്കൊണ്ടായിരുന്നു എടുപ്പിക്കാറ്. സ്‌കൂള്‍ തുറന്ന സമയത്ത് കഴിഞ്ഞ ജൂണിലും ഇത്തരത്തില്‍ മര്‍ദിച്ചതായി പരാതിയുണ്ട്. സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങില്‍ വിവരമറിഞ്ഞ അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു.
മര്‍ദിക്കുന്നത് പുറത്ത് പറഞ്ഞാല്‍ തന്നെയും തന്റെ പിതാവിനേയും കൊല്ലുമെന്ന് ഭീഷണി പെടുത്തിയിരുന്നതായും വിദ്യാര്‍ഥി പറഞ്ഞു. സംഭവ ശേഷം രണ്ടാനമ്മയും സഹോദരി ഭര്‍ത്താവും ഒളിവിലാണ്.

RELATED STORIES

Share it
Top