രണ്ടാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പൂറം: ബാങ്കുകളുടെ ഹെഡ് ഓഫിസുകളില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് എടിഎം കാര്‍ഡ് നമ്പറും ഒടിപി വിവരങ്ങളും ചോദിച്ചറിഞ്ഞ് പണം തട്ടുന്ന സംഘത്തിലെ പ്രതി ആശാദേവിയെ ജാര്‍ഖണ്ഡില്‍ നിന്നു അറസ്റ്റ് ചെയ്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയും ജാര്‍ഖണ്ഡ് ജയിലില്‍ സമാനമായ കേസിലേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരികയുമായിരുന്ന ജാര്‍ഖണ്ഡ് ജാംതാര ജില്ലയിലെ പട്രോദി സ്വദേശിയായ ബദ്രി മണ്ടല്‍ (22) എന്നയാളുടെ അറസ്റ്റ് ഇന്ന് മഞ്ചേരി പോലിസ് ജാര്‍ഖണ്ഡില്‍ എത്തി രേഖപ്പെടുത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. സമാനമായ കേസില്‍ കേരളത്തില്‍ തന്നെ ആദ്യമാണ് പ്രതികള്‍ പിടിയിലാവുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.  മഞ്ചേരി സ്വദേശിയായ യുവാവിനെ വിളിച്ച്, നിങ്ങളുടെ എടിഎം കാര്‍ഡ് ബ്ലോക്ക് ആയിട്ടുണ്ടെന്നും അത് അണ്‍ബ്ലോക്ക് ചെയ്യുന്നതിനായി ഇപ്പോള്‍ ഫോണിലേക്ക് വന്ന ഒടിപി പറഞ്ഞ് തരണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് പറഞ്ഞു കൊടുക്കുകയും അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുകയുമായിരുന്നു.
മഞ്ചേരി ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ബൈജു,  അബ്ദുല്ല ബാബു, മുഹമ്മദ് ഷാക്കിര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

RELATED STORIES

Share it
Top