രണ്ടാംവിള കൃഷിക്ക് ഒക്‌ടോബര്‍ 20 മുതല്‍ നവംബര്‍ 1 വരെ വെള്ളം ലഭിക്കും

പാലക്കാട്: രണ്ടാംവിള കൃഷിക്ക് ഒക്‌ടോബര്‍ 20 മുതല്‍ നവംബര്‍ ഒന്ന് വരെ കനാല്‍വഴി വെള്ളം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പി എസ് സുരേഷ് ബാബു പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന രണ്ടാം വിളയ്ക്കായുള്ള ജലവിതരണ കലണ്ടര്‍ ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം.
ആദ്യ ഘട്ടത്തില്‍ മലമ്പുഴ, മംഗലം, പോത്തുണ്ടി, ചേരാമംഗലം പദ്ധതികളുടെ ജലവിതരണ കലണ്ടറാണു തയ്യാറാക്കുന്നത്.  ജൂണ്‍ ആദ്യവാരം മുതല്‍ സെപ്തംബര്‍ വരെയുള്ള ആദ്യവിള കൃഷി കാലാവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരേ സ്ഥലത്ത് ഒരേ കൃഷിതന്നെ ചെയ്യേണ്ടിവരുന്നത് പ്രായോഗികമല്ലെന്നും കര്‍ഷക താല്‍പര്യമനുസരിച്ചുള്ള നെല്‍വിത്തുകള്‍ ലഭ്യമാക്കുകയും ഒക്ടോബര്‍ 20നകം കനാല്‍ ഭിത്തികളുടേയും ഷട്ടറുകളുടേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ കര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
രണ്ടാംവിള കൃഷിക്ക് കനാല്‍ വഴി വെള്ളം എത്തിക്കേണ്ട ചുമതല ജലവിഭവ വകുപ്പിനും വിത്തുകള്‍ ലഭ്യമാക്കേണ്ടത് കാര്‍ഷിക-കര്‍ഷക ക്ഷേമ വകുപ്പുമാണെന്ന് കലക്ടര്‍ പറഞ്ഞു. ഇത്തവണ വേനല്‍മഴ 10 മില്യന്‍ ഘനമീറ്റര്‍ ലഭിച്ചതിനാല്‍ മലമ്പുഴ ഡാം ജലസമൃദ്ധമാണ്.
വെള്ളം പരമാവധി ഉപയോഗപ്പെടുത്തി വിള മെച്ചപ്പെടുത്താനും ജല ഉപയോഗം ക്രമപ്പെടുത്താനും നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം 8000 ടണ്‍ നെല്ലാണ് പാലക്കാട് ജില്ലയില്‍ മാത്രം സംഭരിച്ചത്. കനാല്‍ വഴിയുള്ള ജലവിതരണം തുടങ്ങുന്നതിനായി കനാലുകളുടെ അറ്റക്കുറ്റപണി 20നകം തന്നെ പൂര്‍ത്തീകരിക്കുമെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എസ് എസ് പത്മകുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ഗീസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ സുമാവലി മോഹന്‍ദാസ്, ഗംഗാധരന്‍, വേണുഗോപാലന്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top