രണ്ടാംദിനം സമ്പന്നം; മനം നിറച്ച് സിനിമകള്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗൗരവം കൈവന്നുതുടങ്ങി. രണ്ടാംദിനമായ ഇന്നലെ സമ്പന്നമായ ചിത്രങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ മനം നിറച്ചു. സിംഫണി ഫോര്‍ അന, കറുത്തജൂതന്‍, ഐസ് മദര്‍, ഇന്‍ സിറിയ തുടങ്ങി പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രങ്ങള്‍ നിരവധി. മികച്ച ചിത്രങ്ങളെന്ന് പേരുകേട്ടവ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ കയറിപ്പറ്റാനാവാതെ നിരവധി പ്രേക്ഷകരും നിരാശരായി. ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിംഫണി ഫോര്‍ അന എന്ന അര്‍ജന്റീനിയന്‍ ചിത്രം പകര്‍ന്നത് പട്ടാളഭരണകൂടത്തിന്റെ ഏകാധിപത്യവും അതിനിടയില്‍പ്പെടുന്ന സാധാരണക്കാരുടെ ജീവിതവുമാണ്. പനോരമ ഓഡിയന്‍സ് അവാര്‍ഡ് നേടിയ ഇന്‍ സിറിയ എന്ന അറബിക് ചിത്രം പറഞ്ഞത് യുദ്ധക്കെടുതിയുടെ കഥയാണ്. തിയേറ്ററിനുള്ളിലും പുറത്തുള്ള സൗഹൃദക്കൂട്ടങ്ങളിലുമായി സിനിമാ ചര്‍ച്ചകളും വിശകലനങ്ങളും സജീവമായിത്തുടങ്ങുമ്പോള്‍ ഇന്ന് പത്തോളം മികച്ച ചിത്രങ്ങള്‍ കാണികളെ കാത്തിരിക്കുന്നുണ്ട്. ജോകോ അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ഇന്തോനീസ്യന്‍ ഹൊറര്‍ മൂവി സാത്താന്‍സ് സ്ലേവ്‌സ് ആണ് ഇതില്‍ പ്രധാനം. 1980കളുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് സാത്താന്‍സ് സ്ലേവ്‌സ്, മറ്റു ഹൊറര്‍ മൂവികളില്‍നിന്നു തികച്ചും വഴിമാറി നടന്ന ഈ ചിത്രം ഭയത്തിന് പുതിയൊരു പര്യായം നല്‍കുന്നു. ഇന്തോനീസ്യന്‍ ചലച്ചിത്രമേളയില്‍ വിവിധ വിഭാഗങ്ങളിലായി എട്ടോളം അംഗീകാരങ്ങള്‍ നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ജോകോ അന്‍വര്‍ ആണ്. നിശാഗന്ധിയില്‍ രാത്രി 10.30നു ചിത്രം പ്രദര്‍ശിപ്പിക്കും. ഇതിനു പുറമെ ജോര്‍ജ് ഒവാഷ് വിലി സംവിധാനം ചെയ്ത ജോര്‍ജിയന്‍ ചിത്രം കിബുല, റോബിന്‍ കാംപില്ലോയുടെ  ഫ്രഞ്ച് ചിത്രം 120 ബിപിഎം, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാന്‍കോയുടെ ‘ആഫ്റ്റര്‍ ലൂസിയ, ജാന്‍ സ്‌പെക്കാന്‍ബെഗ് തിരക്കഥയും സംവിധാനവും ചെയ്ത ഫ്രീഡം മാര്‍ത്ത മെസ്സാറോസിന്റെ ഹങ്കേറിയന്‍ ചിത്രം ഔറോറ ബോറിയാലിസ്, പെഡ്രോ പിനെയുടെ പോര്‍ച്ചുഗല്‍ ചിത്രം നത്തിങ് ഫാക്ടറി, ഹാസിം അയ്‌ഥേമിര്‍ സംവിധാനം ചെയ്ത 14 ജൂലൈ, മരിയ സദോസ്‌കയുടെ ദി ആര്‍ട് ഓഫ് ലവിങ്, രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡ്’എന്നിവയാണ് മേളയിലെ ഇന്നത്തെ ഹൈലൈറ്റ്‌സ്. ഇതിനൊപ്പം സമകാലിക പ്രസക്തമായ 68 ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. മലയാളത്തിന്റെ മല്‍സരചിത്രം ഏദനും ഇന്ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തും. രാവിലെ പതിനൊന്നരയ്ക്ക് ടാഗോര്‍ തിയേറ്ററിലാണ് ഏദന്‍ പ്രദര്‍ശിപ്പിക്കുക.

RELATED STORIES

Share it
Top