രണ്ടര ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി ആറംഗസംഘം പിടിയില്‍

കുമളി: രണ്ടായിരത്തിന്റെ രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറംഗ സംഘം കുമളിയുടെ അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കമ്പം കെകെ പെട്ടി സ്വദേശി ജാഫറുല്ലയുടെ മകന്‍ അജ്മല്‍ഖാന്‍(34), ബോഡിനായ്ക്കന്നൂര്‍ സ്വദേശികളായ കുയവര്‍പാളയം സ്വദേശി രാജേന്ദ്രന്‍ (64), ബിനോബാജി നഗറില്‍ താമസം ശെല്‍വരാജ് (60), ഇയാളുടെ മകന്‍ ശശികുമാര്‍ (20), ഉത്തമപാളയം നാട്ടായ്മക്കാര്‍ത്ത തെരുവില്‍ സുബ്ബയ്യ (48), ആര്‍ശി പഴയ പള്ളിത്തെരുവില്‍ കണ്ണന്‍ (35) എന്നിവരെ കമ്പം സൗത്ത് എസ്‌ഐ ജയപാണ്ടിയുടെ നേതൃത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കമ്പം- കുമളി റൂട്ടില്‍ നടരാജ കല്യാണ മണ്ഡപത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ തോട്ടത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കാറിലുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായി ഇവര്‍ മറുപടി പറഞ്ഞതോടെ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെടുത്തത്. ജാഫറുല്ലയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കള്ളനോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനായി അജ്മല്‍ഖാന്‍ എടുത്തുകൊണ്ട് വന്ന് മറ്റുള്ളവരെ ഏല്‍പ്പിക്കുന്ന സമയത്താണ് പിടിയിലായതെന്ന് ഇവര്‍ മൊഴി നല്‍കി. അതേസമയം ജാഫറുല്ല മറ്റൊരു കേസില്‍ പിടികൂടപ്പെട്ട് മധുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജാഫറുല്ലയെ കൂടി പോലീസ് ഈ കേസില്‍ പ്രതിയാക്കി. ടി.എന്‍ 9 ബിഎസ് 1739 നമ്പരിലുള്ള കാറും പോലിസ് കസ്റ്റഡിയിലെടുത്തു. കള്ളനോട്ടുകള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയണമെങ്കില്‍ ജാഫറുല്ലയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top