രണ്ടരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും കുട്ടികളുടെ പാര്‍ക്ക് യാഥാര്‍ഥ്യമായില്ല

കുറ്റിയാടി: നിര്‍മാണം തുടങ്ങി രണ്ടര പതിറ്റാണ്ടു കഴിഞ്ഞിട്ടും യാഥാര്‍ഥ്യമാക്കാത്ത കുറ്റിയാടിയിലെ കുട്ടികളുടെ പാര്‍ക്ക് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തം. ലക്ഷങ്ങള്‍ ചെലവഴിച്ച്  നിര്‍മിച്ച പാര്‍ക്ക് ഇപ്പോള്‍ മദ്യപാനികളുടെയും സാമൂഹ്യ ദ്രോഹികളുടെയും താവളമാണ്. കാട്ടുവള്ളികളും പൊന്തക്കാടുകളും വളര്‍ന്ന് പന്തലിച്ച മേഖല ഭീതി ജനിപ്പിക്കുകയാണ്. ഇതിനു പുറമെ ചുറ്റുപാടില്‍ നിന്ന് മഴവെള്ളത്തോടൊപ്പം  ഒലിച്ചിറങ്ങിയ മലിനജലം കെട്ടി കിടന്ന് കൊതുകും എലിയും പെറ്റുപെരുകുകയാണ്.
പാര്‍ക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഇരിപ്പിടങ്ങളും ഊഞ്ഞാലുകളും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരിക്കുകയാണ്. ടൈല്‍സ് പതിച്ചും പുല്ല് മുളപ്പിച്ചും സൗന്ദര്യവല്‍ക്കരിച്ച മൈതാനം പൂര്‍ണ്ണമായും നശിച്ച അവസ്ഥയിലാണ്. മരുതോങ്കര റോഡില്‍ നിന്നും റിവര്‍ റോഡില്‍ നിന്ന് എപ്പോഴും തുറന്നു കിടക്കുന്ന ഗേറ്റിലൂടെ ആര്‍ക്കും ഏതു സമയത്തും പാര്‍ക്കിലേക്ക് കയറാവുന്ന അവസ്ഥയിലുമാണ്.
കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്ത് കുറ്റിയാടി പുഴയോരത്ത് നിര്‍മ്മിച്ച മിനി സ്റ്റേഡിയമാണ് കുട്ടികളുടെ പാര്‍ക്കാക്കിയത്. മലിനജലം ഇരിച്ചു കയറുന്നതിനാല്‍ മഴക്കാലത്ത് സ്റ്റേഡിയം ഉപയോഗപ്രദമായിരുന്നില്ല. ഇതേ തുടര്‍ന്ന് കെ പി ചന്ദ്രി പ്രസിഡണ്ട്  ആയിരുന്ന കാലത്ത് ഗ്രാമം, ബ്ലോക്ക്, ജില്ല തുടങ്ങിയ ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ്  പാര്‍ക്ക് നിര്‍മാണത്തിന് തുടക്കമിട്ടത്. തുടര്‍ന്ന്  വന്ന കെ കെ നഫീസയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഭൂരിഭാഗം നിര്‍മ്മാണവും പൂര്‍ത്തിയാക്കി. ഉദ്ഘാടനം ചെയ്തിരുന്നില്ല. നിലവിലുള്ള സി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പാര്‍ക്കിന് ജീവന്‍ നല്‍കാന്‍ തുടക്കമിട്ടെങ്കിലും യാഥാര്‍ഥ്യമായില്ല

RELATED STORIES

Share it
Top