രജ്ഞാ സിങും പുരോഹിതും വിചാരണ നേരിടണം

പ്സ്വന്തം  പ്രതിനിധി

മുംബൈ: 2008ലെ മലേഗാവ് ബോംബ് സ്‌ഫോടന കേസില്‍ സന്ന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, മറ്റ് ആറ് പ്രതികള്‍ എന്നിവര്‍ ഭീകരതാവിരുദ്ധ നിയമപ്രകാരം വിചാരണ നേരിടണമെന്ന് പ്രത്യേക എന്‍ഐഎ കോടതി.
തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് അഭ്യര്‍ഥിച്ച് ഇവര്‍ സമര്‍പ്പിച്ച ഹരജികള്‍ കോടതി തള്ളി. എന്നാല്‍, പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ട മക്കോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) കോടതി ഒഴിവാക്കി. ശ്യാം സാഹു, ശിവ്‌നാരായണ്‍ കല്‍സാംഗ്ര, പ്രവീണ്‍ നക്കല്‍കി എന്നിവരെ കേസില്‍ നിന്നൊഴിവാക്കി.
നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യുഎപിഎ)ത്തിലെ 16 (ഭീകരപ്രവര്‍ത്തനം), 18 (ക്രിമിനല്‍ ഗൂഢാലോചന), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതക ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ വിചാരണ നേരിടണം. യുഎപിഎയിലെ 17 (ഭീകര സംഘടനയ്ക്ക് ഫണ്ട് ശേഖരിക്കല്‍), 20 (ഭീകര സംഘടനയുടെ ഭാഗമാകല്‍), 23 (ഭീകര സംഘടനയിലെ അംഗത്തിനു സഹായം നല്‍കല്‍) വകുപ്പുകളില്‍ നിന്ന് എല്ലാ പ്രതികളെയും പ്രത്യേക എന്‍ഐഎ ജഡ്ജി എസ് ഡി തെക്കാലെ ഒഴിവാക്കി.
പ്രജ്ഞാ സിങ് ഠാക്കൂറിനും പുരോഹിതിനും പുറമെ സുധാകര്‍ ദ്വിവേദി, മേജര്‍ റിട്ട. രമേശ് ഉപാധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, സുധാകര്‍ ചതുര്‍വേദി, അജയ് റഹിര്‍കര്‍ എന്നിവരാണ് വിചാരണ നേരിടേണ്ടത്. ജഗദീഷ് മാത്‌റെ, രാകേഷ് ധാവ്‌ഡെ എന്നീ പ്രതികള്‍ ആയുധ നിയമപ്രകാരം മാത്രം വിചാരണ നേരിട്ടാല്‍ മതിയാവുമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ കുറ്റം ചുമത്തുന്നതിന് ജനുവരി 15ന് കോടതിയില്‍ ഹാജരാവാന്‍ ജഡ്ജി എല്ലാ പ്രതികള്‍ക്കും നിര്‍ദേശം നല്‍കി.
2008 സപ്തംബര്‍ 29നാണ് നാസിക് ജില്ലയിലെ മലേഗാവില്‍ ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
കേസ് ആദ്യഘട്ടത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് അന്വേഷിച്ചത്. അന്വേഷണത്തിനു നേതൃത്വം നല്‍കിയിരുന്ന ഹേമന്ത് കര്‍ക്കരെ 2008 നവംബര്‍ 26ലെ മുംബൈ ആക്രമണത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2011ലാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.

RELATED STORIES

Share it
Top