രജീന്ദര്‍ സച്ചാര്‍ ഓര്‍മ പ്രഫ: പ്രേംസിങ്

മുസ്്‌ലിംകള്‍ കഴിയുന്നത് ദലിതുകളെപ്പോലെ71 വര്‍ഷം മുമ്പ് 23ാമത്തെ വയസ്സില്‍ ഡല്‍ഹിയിലെ നേപ്പാള്‍ എംബസി പിക്കറ്റ് ചെയ്തുകൊണ്ടാണ് രജീന്ദര്‍ സച്ചാര്‍ തന്റെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കു തുടക്കം കുറിച്ചത്. സ്വതന്ത്ര ഇന്ത്യക്ക് അന്ന് ഒരു വയസ്സ്. നേപ്പാളിലെ റാണാ സര്‍ക്കാരിന്റെ പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ ആയിരുന്നു സമരം. പിക്കറ്റിങിനു നേതൃത്വം നല്‍കിയ ലോഹ്യയെയും രജീന്ദര്‍ സച്ചാറടക്കം അനുയായികളായ സോഷ്യലിസ്റ്റ് യുവാക്കളെയും ജയിലിലടച്ചു. അപ്പോള്‍ രജീന്ദറിന്റെ പിതാവ് ഭീംസെന്‍ സച്ചാര്‍ പഞ്ചാബ് മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തില്‍ അറിയപ്പെടുന്ന നേതാവുമായിരുന്നു. അച്ഛന്റെ വഴിയെ മകന്‍ പോയില്ല. അച്ഛനെ സന്ദര്‍ശിക്കാന്‍ വീട്ടിലേക്കു പ്രധാനമന്ത്രി നെഹ്‌റു വന്നപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
കാലം ഏറെച്ചെന്നപ്പോള്‍ മകന്റെ വഴിയിലേക്കെത്തിയ അച്ഛന്‍ അടിയന്തരാവസ്ഥയിലെ പൗരാവകാശ ലംഘനത്തെ ചോദ്യംചെയ്തു ജയിലിലേക്കു പോയി. അപ്പോഴേക്കും സച്ചാര്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയിത്തീര്‍ന്നിരുന്നു. ഇന്ദിരാ സര്‍ക്കാരിനു വഴങ്ങാന്‍ കൂട്ടാക്കാതിരുന്നതിന്റെ പേരില്‍ സിക്കിമില്‍ നിന്നു രാജസ്ഥാനിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി. തുടര്‍ന്നും നിരവധി വിധികളിലൂടെ സച്ചാര്‍ അടിയന്തരാവസ്ഥയെ ചോദ്യംചെയ്തു. അന്ന് ഇന്ദിരാ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയരാവാന്‍ കൂട്ടാക്കാത്ത വളരെ ചുരുക്കം ന്യായാധിപന്‍മാരേ ഉണ്ടായിരുന്നുള്ളൂ. അതില്‍ പ്രമുഖന്‍ സച്ചാറാണ്.
1977ല്‍ ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തെ ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസായി നിയമിച്ചു. അക്കാലത്തെ സച്ചാറിന്റെ വിധിപ്രസ്താവങ്ങള്‍ ഇന്ത്യയുടെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നവയായിരുന്നു. കോര്‍പറേറ്റുകളുടെ ആഭ്യന്തര സാമ്പത്തികമേഖലയിലേക്കുള്ള കടന്നുകയറ്റത്തെയും നിയമവ്യവസ്ഥയെ മറികടക്കുന്ന വ്യവസായലോബിയുടെ ഭരണസ്വാധീനത്തെയും തടസ്സപ്പെടുത്തുന്ന വിധികളിലൂടെ ഇന്ത്യയിലെ സാധാരണക്കാരോടും ഭരണഘടനയോടുമുള്ള പക്ഷപാതിത്വം സച്ചാര്‍ വ്യക്തമാക്കി.
1984ലെ സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനുമുള്ള ഭരണനേതൃത്വത്തിന്റെ ശ്രമങ്ങളെ ധിക്കരിച്ചുകൊണ്ട് ലഹളയില്‍ പങ്കുള്ള രാഷ്ട്രീയനേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ സച്ചാര്‍ പോലിസിനോട് ആവശ്യപ്പെട്ടു. രായ്ക്കുരാമാനം കേസ് അദ്ദേഹത്തിന്റെ ബെഞ്ചില്‍ നിന്നു മാറ്റപ്പെട്ടു. തല്‍ക്കാലം കുറ്റവാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെങ്കിലും നീതിക്കുവേണ്ടിയുള്ള സിഖ് സമൂഹത്തിന്റെ പോരാട്ടത്തിന് സച്ചാറിന്റെ വിധി കരുത്തുപകര്‍ന്നു. ഇന്ന് ലോയ കേസില്‍ സംഭവിച്ച വിധി അന്നത്തെ സാഹചര്യത്തിനു തുല്യമാണ്. യാദൃച്ഛികമെന്നു പറയട്ടെ സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കോടതികള്‍ വഴങ്ങുന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്തു തന്നെയാണ് ആ നീതിമാന്റെ മരണം സംഭവിക്കുന്നത്.
പൊതുജനങ്ങള്‍ സച്ചാറിനെ കൂടുതലായി അറിയുന്നത് സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലൂടെയാണ്. 2005ലെ യുപിഎ സര്‍ക്കാരാണ് ജസ്റ്റിസ് സച്ചാര്‍ അധ്യക്ഷനായ ഒരു കമ്മിറ്റിയെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ചത്. ഒരുവര്‍ഷത്തെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ മുസ്‌ലിം ജനതയുടെ ജീവിതയാഥാര്‍ഥ്യങ്ങളെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സച്ചാറിന്റെ ടീമിനു കഴിഞ്ഞു. 2006ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് കമ്മീഷന്‍ റിപോര്‍ട്ട് കൈമാറി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക അരക്ഷിതാവസ്ഥയും ഒറ്റപ്പെടലും സാമ്പത്തിക പിന്നാക്കാവസ്ഥയും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരപ്പെട്ടത്. അതുവരെ മുസ്‌ലിംകള്‍ക്ക് അനര്‍ഹമായി പലതും നല്‍കപ്പെടുന്നുവെന്നും വോട്ടിനു വേണ്ടി മുസ്‌ലിം പ്രീണനം നടത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മല്‍സരിക്കുകയാണെന്നും പ്രചരിപ്പിക്കപ്പെടുകയും ഒട്ടധികം പേര്‍ അതു വിശ്വസിക്കുകയും ചെയ്തിരുന്നു. 13 കോടി 80 ലക്ഷം (2001ലെ കണക്കനുസരിച്ച്) മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ടെന്നും എന്നാല്‍, സിവില്‍ സര്‍വീസ്, പോലിസ്, പട്ടാളം എന്നിവയിലും രാഷ്ട്രീയനേതൃത്വത്തിലും അവരുടെ സാന്നിധ്യം പരിതാപകരമാംവണ്ണം കുറവാണെന്നും കണക്കുകള്‍ നിരത്തി സച്ചാര്‍ കമ്മിറ്റി തെളിയിക്കുകയുണ്ടായി.
രാജ്യത്തെ മുസ്‌ലിംകളെ ഒന്നാകെ പരിഗണിക്കുമ്പോള്‍ ദലിതുകളെയും ആദിവാസികളെയും പോലെ ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും അനുഭവിക്കുന്നവരും നിയമപരിരക്ഷ ലഭിക്കാത്തവരുമാണ്് മഹാഭൂരിപക്ഷവുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ ഈ കമ്മീഷന്‍ റിപോര്‍ട്ടിലൂടെയാണ് ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളും ബുദ്ധിജീവികളും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയത്.
ലോഹ്യയുമായുള്ള ബന്ധവും സോഷ്യലിസ്റ്റ് ആക്റ്റിവിസവുമാണ് സച്ചാറിനെ വ്യത്യസ്തനാക്കിയത്. ഇന്ത്യ കണ്ട രണ്ടു സാമൂഹിക വിപ്ലവങ്ങള്‍, മണ്ഡല്‍ റിപോര്‍ട്ടും സച്ചാര്‍ റിപോര്‍ട്ടും ആ രാഷ്ട്രീയത്തിന്റെ സംഭാവനകളായിരുന്നു.         ി

(ഡല്‍ഹി സര്‍വകലാശാലയിലെ
അധ്യാപകനാണു ലേഖകന്‍.)

(കടപ്പാട്: പാഠഭേദം, മെയ് 2018)

RELATED STORIES

Share it
Top