രജിസ്‌ട്രേഷനില്ലാത്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചു ; കോളജ് പ്രിന്‍സിപ്പല്‍ ഒരുലക്ഷം രൂപ പിഴ ഒടുക്കണംകോട്ടയം: സര്‍വകലാശാല രജിസ്‌ട്രേഷനില്ലാത്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച കോളജ് പ്രിന്‍സിപ്പലില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഇന്നലെ നടന്ന എംജി യുനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. എടത്തല കെഎംഇഎ കോളജിലെ സര്‍വകലാശാലാ രജിസ്‌ട്രേഷന്‍ ഇല്ലാത്ത  ബിആര്‍ക് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിനാണ് പ്രിന്‍സിപ്പലില്‍ നിന്നും  ഒരു ലക്ഷം രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ വീഴ്ചവരുത്തിയ അധ്യാപകരായ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിങ് കോളജിലെ ടോണി വര്‍ഗീസിന് 10000 രൂപയും വാഴൂര്‍ എസ്‌വിആര്‍ എന്‍എസ്എസ് കോളജിലെ പ്രീതാ പിള്ളയ്ക്ക് 25000 രൂപയും പിഴ ചുമത്തി.എറണാകുളം മഹാരാജാസ് കോളജിലെ ഇസ്‌ലാമിക് ഹിസ്റ്ററി അധ്യാപകനായ ജയദേവ്, 2012 ല്‍ മൂല്യനിര്‍ണയത്തിന് ഏല്‍പ്പിച്ച  ഉത്തരക്കടലാസ് ഇതുവരെയും തിരിച്ചു നല്‍കാത്ത സാഹചര്യത്തില്‍ അധ്യാപകനെതിരേ നടപടി സ്വീകരിക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപോര്‍ട്ട് ചെയ്യുവാനും ഉത്തരക്കടലാസ് വീണ്ടെടുക്കാന്‍ പോലിസ് സഹായം ആവശ്യപ്പെടാനും തീരുമാനിച്ചു.സര്‍വകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ച സൊസൈറ്റിയായ സെന്റര്‍ ഫോര്‍ പ്രൊഫഷനല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഗവേണിങ്  കൗണ്‍സിലില്‍ സര്‍വകലാശാലാ പ്രതിനിധിയായി സിന്‍ഡിക്കേറ്റംഗം അഡ്വ. പി കെ ഹരികുമാറിനെ തിരെഞ്ഞെടുത്തു.യോഗത്തില്‍ വൈസ്ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top