രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്കെന്നു റിപോര്‍ട്ട്‌

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപോര്‍ട്ട്. പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇതു സംബന്ധിച്ചു റിപോര്‍ട്ട് ചെയ്തത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്കു ബ്രിട്ടീഷുകാരനല്ലാത്ത ഒരാള്‍ വരുന്നതു തള്ളിക്കളയാനാവില്ലെന്നാണു പത്രം പറയുന്നത്.
ആന്‍ഡ്രൂ ബെയ്‌ലി, ബെന്‍ ബ്രോഡ്‌ബെന്റ്, ഇന്ത്യന്‍ വംശജയായ ബാരോണ്‍സ് ശ്രിതീ വധേര, ആന്‍ഡി ഹാള്‍ഡനെ, മിനോച്ചി ഷാഫി എന്നീ പേരുകള്‍ക്കൊപ്പം ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനായ രഘുറാമിനു വലിയ പ്രാധാന്യമാണു പത്രം നല്‍കിയിട്ടുള്ളത്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ കനേഡിയന്‍ പൗരന്‍ മാര്‍ക്ക് കാര്‍ണി പദവി ഒഴിയുന്നതോടെ തല്‍സ്ഥാനത്തു രഘുറാമിനെ നിയമിക്കാന്‍ ആലോചിക്കുന്നതായാണു റിപോര്‍ട്ട്. അതേസമയം, ബാങ്കിന്റെ മേധാവിയായി പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളതായും റിപോര്‍ട്ട് പറയുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിങില്‍ അദ്ദേഹത്തിനുള്ള പരിചയവും സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയ അംഗീകാരങ്ങളും പരിഗണിക്കുന്നതില്‍ നിര്‍ണായകമാവും. എന്നാല്‍ പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു സൂചനകളൊന്നും ലഭിച്ചിട്ടില്ല.

RELATED STORIES

Share it
Top