രക്ഷിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് തടവുശിക്ഷ ആറുമാസമാക്കുന്നു

ന്യൂഡല്‍ഹി: വയോജനങ്ങളായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന മക്കള്‍ക്ക് തടവുശിക്ഷ ആറുമാസമായി വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നു. ഇപ്പോള്‍ ശിക്ഷ മൂന്നു മാസമാണ്.
മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് 2007 പുനരവലോകനം ചെയ്യുന്ന സാമൂഹികക്ഷേമ മന്ത്രാലയം കുട്ടികളുടെ നിര്‍വചനം വിപുലീകരിക്കാനും നിര്‍ദേശിച്ചു. ദത്തെടുക്കപ്പെട്ട കുട്ടികള്‍, മക്കളുടെ ഭര്‍ത്താക്കന്മാര്‍, ഭാര്യമാര്‍ എന്നിവരെ കൂടി കുട്ടികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാണു നീക്കം.
നിലവിലെ നിയമത്തില്‍ സ്വന്തം മക്കളും ചെറുമക്കളുമാണു കുട്ടികളുടെ നിര്‍വചനത്തിലുള്ളത്. പുതിയ നിയമനത്തിന്റെ കരട് മന്ത്രാലയം തയ്യാറാക്കി. രക്ഷിതാക്കള്‍ക്കു പരമാവധി 10,000 രൂപ ചെലവിനു നല്‍കണമെന്ന പരിധി എടുത്തുകളയാനും നിര്‍ദേശമുണ്ട്. നല്ല വരുമാനമുള്ളവര്‍ രക്ഷിതാക്കള്‍ക്കു കൂടുതല്‍ തുക ചെലവിനു നല്‍കണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം എന്നിവയ്ക്കു പുറമെ രക്ഷിതാക്കളുടെ സംരക്ഷണം കൂടി ഉള്‍പ്പെടുത്തി ജീവനാംശത്തിന്റെ നിര്‍വചനം വിപുലീകരിക്കാനുള്ള നിര്‍ദേശവും കരടിലുണ്ടെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മക്കള്‍ ജീവനാംശം നല്‍കിയില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് മെയിന്റനന്‍സ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

RELATED STORIES

Share it
Top