രക്ത- സ്രവ സാംപിളുകളും ചികില്‍സാരേഖകളും സുരക്ഷിതമായി സൂക്ഷിക്കണം

കൊച്ചി: തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററി (ആ ര്‍സിസി)ല്‍ ചികില്‍സയിലിരിക്കെ രക്തം സ്വീകരിച്ചപ്പോള്‍ എച്ച്‌ഐവി ബാധിച്ചെന്ന് പറയപ്പെടുന്ന പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് അവരുടെ രക്തസാംപിളും സ്രവസാംപിളും ചികില്‍സാരേഖകളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭാവിപരിശോധനകള്‍ക്കായി ഇവ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച അപേക്ഷയിലാണ് ആ ര്‍സിസി ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം മകളുടെ ജീവിതം തന്നെ അപകടത്തിലാണെന്നും മികച്ച ചികില്‍സയും നഷ്ടപരിഹാരവും വിശദമായ അന്വേഷണവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാവ് കഴിഞ്ഞ വര്‍ഷം ഹരജി നല്‍കിയിരുന്നത്. പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്നാണ് പുതിയ അപേക്ഷ നല്‍കിയത്. പെണ്‍കുട്ടിയുടെ രക്തസാംപിളും മറ്റും ചെന്നൈയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസല്‍ട്ടിന് (ഐസിഎംആര്‍) കീഴിലെ മികവിന്റെ കേന്ദ്രത്തില്‍ പരിശോധിച്ചെന്നും എച്ച്‌ഐവി ബാധ സ്ഥിരീകരിക്കാനായില്ലെന്നും ആര്‍സിസി ഇന്നലെ കോടതിയെ അറിയിച്ചു. ഈ പരിശോധനാ ഫലം ഡല്‍ഹിയിലെ നാഷനല്‍ ക്ലിനിക്കല്‍ എക്‌സ്‌പെര്‍ട്ട് പാനലി (എന്‍എസിഇപി)ന് സമര്‍പ്പിച്ചിരിക്കുകയാണ്. അവിടെ നിന്ന് റിസല്‍റ്റ് ലഭിച്ചിട്ടില്ല. കാന്‍സര്‍ ചികില്‍സയ്ക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ അധികൃതരുടെ അനാസ്ഥ മൂലം എച്ച്‌െഎവി രോഗിയാക്കിയിരിക്കുകയാണ്. ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണ് ഈ നടപടി. ഈ സാഹചര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

RELATED STORIES

Share it
Top