രക്തസാക്ഷികളുടെ എണ്ണം കൂട്ടാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്: എഐഎസ്എഫ്‌

കോട്ടയം: സമൂഹത്തിലെ തിന്മകളോട് പ്രതികരിക്കാനുള്ള നല്ല തലമുറയെ സൃഷ്ടിക്കാനല്ല, രക്തസാക്ഷികളുടെ എണ്ണം കൂട്ടാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍. കാംപസുകളിലെ അക്രമരാഷ്ട്രീയത്തിനെതിരേ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ കോട്ടയം പഴയ പോലിസ് സ്റ്റേഷന്‍ മൈതാനത്ത് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംഘടനാനേതാക്കളെ ആക്രമിച്ചും സദാചാര ഗുണ്ടായിസം നടത്തിയും അധ്യാപകരെ അവഹേളിച്ചും കാംപസുകളില്‍ സര്‍വാധിപത്യം സ്ഥാപിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. ജെഎന്‍യു അടക്കമുള്ള സ്ഥലങ്ങളില്‍ മതേതര വിദ്യാര്‍ഥിസംഘടനകള്‍ ഒന്നിക്കുമ്പോള്‍ കേരളത്തിലെ കാംപസുകളില്‍ ഏകാധിപത്യസ്വഭാവമാണ് എസ്എഫ്‌ഐ കാട്ടുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാടുകളോട് ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ട അവസരത്തില്‍ മറ്റു സംഘടനകള്‍ക്ക് കാംപസില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നിഷേധിക്കുന്നവര്‍ ജനാധിപത്യവാദികളല്ല. കാംപസുകളില്‍ യൂനിറ്റുണ്ടാക്കുന്നതിന്റെ പേരില്‍ മറ്റു സംഘടനാ ഭാരവാഹികളെ അതിക്രൂരമായി മര്‍ദിക്കുകയും പഠിക്കാനുള്ള സാഹചര്യം നിഷേധിക്കുകയും ചെയ്യുന്നവരെ ഭീകരവാദികളായിത്തന്നെ മുദ്രകുത്തപ്പെടണം. നിരവധി പ്രമുഖരെ സംഭാവന ചെയ്ത പ്രസ്ഥാനം ഇന്നു വളര്‍ത്തിയെടുക്കുന്നത് ക്വട്ടേഷന്‍ നേതാക്കളെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ കാംപസുകളില്‍ എഐഎസ്എഫ് ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കന്‍മാര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

RELATED STORIES

Share it
Top