രക്തമാറ്റത്തിനിടെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന ഒമ്പത് വയസ്സുകാരി മരിച്ചു

ആലപ്പുഴ: തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചെന്നു സംശയിച്ച ആലപ്പുഴ സ്വദേശിയായ ഒമ്പതു വയസ്സുകാരി മരിച്ചു. ഇന്നലെ ഉച്ചയോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. ജന്‍മനാട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ഇന്ന് സംസ്‌കാരം നടക്കും.
ഒരാഴ്ച മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്നു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുട്ടി. ചികില്‍സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാര്‍ച്ച് ഒന്നിനായിരുന്നു കാന്‍സര്‍ ബാധയെ തുടര്‍ന്നു തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ എത്തിച്ചത്. ചികില്‍സയുടെ ഭാഗമായി നടത്തിയ രക്തമാറ്റത്തെ തുടര്‍ന്ന് എച്ച്‌ഐവി ബാധയുണ്ടെന്ന സംശയം ബലപ്പെടുകയായിരുന്നു. നാലുതവണ ഇവിടെ കുട്ടിയെ കീമോതെറാപ്പിക്ക് വിധേയയാക്കിയിരുന്നു. ഇതിനിടയില്‍ പലതവണ ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിക്കുകയും ചെയ്തിരുന്നു.
ആഗസ്ത് 25ന് ആര്‍സിസിയില്‍ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ച് ഐവി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. രക്ഷിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്ന് വ്യക്തമായതോടെയാണ് ആര്‍സിസിക്ക് നേരെ ആരോപണമുയര്‍ന്നത്.
ചെന്നൈ റീജ്യനല്‍ ലാബില്‍ രക്തപരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചത്. തുടര്‍ന്ന് രക്തസാംപിള്‍ ഡല്‍ഹിയിലെ നാഷനല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവിടെനിന്നു റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എച്ച്‌ഐവി ബാധ സ്ഥിരീകരിക്കാന്‍ കഴിയൂവെന്നായിരുന്നു ആര്‍സിസി അധികൃതരുടെ വാദം. ഈ റിപോര്‍ട്ട് കാത്തിരിക്കുന്നതിനിടെയാണ് കുട്ടിക്ക് ഇന്നലെ മരണം സംഭവിച്ചത്.

RELATED STORIES

Share it
Top