യോജിക്കാന്‍ പറ്റുന്നവരെ കൂടെനിര്‍ത്തി മോദിയെ പുറത്താക്കും: ആന്റണി

കാസര്‍കോട്: പ്രായോഗികമായ വിട്ടുവീഴ്ച ചെയ്ത് യോജിക്കാന്‍ പറ്റുന്ന എല്ലാ മതേതരകക്ഷികളുമായി യോജിച്ചുകൊണ്ട് അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി. എം എം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര കാസര്‍കോട് ചെര്‍ക്കളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കുരുക്ഷേത്രയുദ്ധമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കൗരവപ്പടയും രാഹുല്‍ഗാന്ധി നയിക്കുന്ന പാണ്ഡവപ്പടയും തമ്മിലുള്ള യുദ്ധമാണ്. ആരുവിചാരിച്ചാലും ഇനി മോദിയെയും ബിജെപിയെയും രക്ഷിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്സിന് പഴയതുപോലെ ഒറ്റയ്ക്കു നില്‍ക്കാന്‍ ആവില്ല. അതുകൊണ്ടാണ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ എഐസിസി തീരുമാനമെടുത്തത്.
കഴിഞ്ഞ നാലുവര്‍ഷത്തെ നരേന്ദ്രമോദിയുടെ ഭരണം ഇന്ത്യയെ മുച്ചൂടും മുടിച്ചു. വീണ്ടുവിചാരമില്ലാതെ നരേന്ദ്രമോദി നടപ്പാക്കിയ നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തെ സാമ്പത്തികസ്ഥിതി ഏറ്റവും ദുര്‍ബലമാക്കിയിരിക്കുന്നു. 2014 ഏപ്രില്‍ മുതല്‍ 2017 സപ്തംബര്‍ വരെ കോര്‍പറേറ്റുകളുടെ 2.41 ലക്ഷം കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്. 20,000-40,000 കോടി രൂപയുണ്ടെങ്കില്‍ രാജ്യത്തെ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന കര്‍ഷകരുടെ കടം എഴുതിത്തള്ളാം. അതിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ദലിതുകളും ന്യൂനപക്ഷങ്ങളും വ്യാപകമായി വേട്ടയാടപ്പെടുന്നു. കോണ്‍ഗ്രസ് കൊണ്ടുവന്ന പട്ടികജാതി, വര്‍ഗ ക്ഷേമത്തിനുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും ആന്റണി പറഞ്ഞു.

RELATED STORIES

Share it
Top