യോഗി സര്‍ക്കാരിന്റെ പബ്ലിസിറ്റി സ്റ്റണ്ടിന് തന്നെക്കിട്ടില്ല; ബിജെപി ദലിത് എംപി

ലഖ്‌നോ: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നടത്തുന്ന ശുചിത്വ പരിപാടിയെ വിമര്‍ശിച്ച് ബിജെപി ദലിത് എംപി സാവിത്രി ഭായ് ഫൂലെ. ശുചീകരണത്തിന്റെ പേരില്‍ യോഗി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതു പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഫോട്ടോക്ക് പോസ് ചെയ്യാന്‍ വേണ്ടി ചൂലു പിടിക്കാന്‍ തന്നെ കിട്ടില്ലെന്നുമാണ് എംപി പറഞ്ഞത്.
സംവരണത്തിനും ഭരണഘടനയ്ക്കും എതിരേ നില്‍ക്കുന്നവര്‍ തന്നെ മാലിന്യങ്ങള്‍ തുടച്ചുനീക്കട്ടേയെന്നും എംപി പറഞ്ഞു. ജിന്‍ഘാഘട്ടില്‍ സംഘടിപ്പിച്ച ശുചിത്വ പരിപാടിക്കിടെയാണ് എംപിയുടെ വിവാദ പ്രസ്താവന.
സര്‍ക്കാരിന്റെ ഈ ശുചിത്വ നാടകമെല്ലാം രാജ്യത്ത് ഇപ്പോള്‍ കത്തിക്കൊണ്ടു നില്‍ക്കുന്ന പല വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ്.
ബിജെപി സര്‍ക്കാര്‍ നടത്തുന്ന ഇത്തരം പരിപാടികളില്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ സഹകരണം ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടതു തൊഴിലും സുരക്ഷിതവുമാണെന്നും അവര്‍ പറഞ്ഞു.
അധികാരത്തിലിരിക്കുന്നവരുടെ മനസ്സാണ് ആദ്യം നന്നാവേണ്ടതെന്നും ചൂലുപിടിച്ച് ഫോട്ടോ എടുക്കാന്‍ പോസ് ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഓടയിലിറങ്ങി മാല്യന്യങ്ങള്‍ മുഴുവന്‍ എടുത്തുകളഞ്ഞു വൃത്തിയാക്കാന്‍ ധൈര്യമുണ്ടോയെന്നും അവര്‍ ചോദിച്ചു.

RELATED STORIES

Share it
Top