യോഗിയുടെ ഏറ്റുമുട്ടല്‍

രാജ് നേഹ  ദീക്ഷിത്
2017 ഒക്ടോബര്‍ 8നു ഫുര്‍ഖാന്‍ ശാംലിയില്‍ തന്റെ വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയപ്പോള്‍ പന്ത്രണ്ടും പത്തും വയസ്സായ മക്കള്‍ക്ക് അയാളെ തിരിച്ചറിയാന്‍ പറ്റിയില്ല. ഗ്രാമത്തില്‍ നടന്ന ഒരു വഴക്കിന്റെ പേരില്‍ മുസഫര്‍നഗര്‍ ജയിലില്‍ ആറു വര്‍ഷമായി വിചാരണത്തടവുകാരനായിരുന്നു ഫുര്‍ഖാന്‍.
ശാംലിയിലെ തിത്തര്‍വാബയില്‍ വച്ച് 33കാരനായ ഫുര്‍ഖാനെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ ഈര്‍ച്ചമില്ല് തൊഴിലാളിയായിരുന്നു. തന്റെ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ ആവശ്യത്തിനു പണമോ ജാമ്യക്കാരോ ഉണ്ടായിരുന്നില്ലെന്നു ഭാര്യ നസ്‌റീന്‍ പറയുന്നു. ഒരാഴ്ച മുമ്പ് അയാളുടെ കേസ് 'ഒത്തുതീര്‍പ്പാക്കാനാ'യി പോലിസ് ഗ്രാമത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് അയാള്‍ ജയിലില്‍ നിന്നു പുറത്തുവന്നത്. പിന്നെ രണ്ടാഴ്ച കഴിഞ്ഞ് 2017 ഒക്ടോബര്‍ 23ന് അയാളെ പോലിസ് ഒരു 'ഏറ്റുമുട്ടലി'ല്‍ കൊലപ്പെടുത്തി.
സഹാറന്‍പൂര്‍, ശാംലി, മുസഫര്‍നഗര്‍ മേഖലകളില്‍ ഒട്ടേറെ കവര്‍ച്ച നടത്തിയ കുറ്റവാളിയായിരുന്നു ഫുര്‍ഖാന്‍ എന്നാണ് പോലിസ് ആരോപിച്ചത്. ''എനിക്ക് രണ്ടു കാര്യങ്ങള്‍ അറിയണം. ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന ഒരാള്‍ എങ്ങനെ കവര്‍ച്ചക്കാരനാവും? വലിയ കുറ്റവാളിയെന്നു പറയുന്ന ഫുര്‍ഖാനെ പിന്നെയെന്തിനു പോലിസ് കേസ് രാജിയാക്കി പുറത്തുവിട്ടു? അവര്‍ ഒരു ബലിമൃഗത്തെ തിരയുകയായിരുന്നുവോ?''- നസ്‌റീന്‍ ചോദിക്കുന്നു.
യുപി സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2018 ജനുവരി വരെ പോലിസ് 1038 ഏറ്റുമുട്ടലുകള്‍ നടത്തി. അതില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 238 പേര്‍ക്ക് പരിക്കേറ്റു. നാലു പോലിസുകാരും അതിനിടയില്‍ കൊല്ലപ്പെട്ടു. (പോലിസിന്റെ അവകാശവാദങ്ങള്‍ കൊട്ടിഘോഷിക്കുന്ന കാവിനിറമുള്ള സര്‍ക്കാര്‍ പോസ്റ്ററില്‍ നീണ്ടുനിവര്‍ന്നുനില്‍ക്കുന്ന മുഖ്യമന്ത്രിയുടെ പടമുണ്ട്. 'അപരാധ് മുക്ത് ഉത്തര്‍പ്രദേശ് കാ ദാദാ പൂരാ കര്‍ റഹി സര്‍ക്കാര്‍' എന്നാണ് പോസ്റ്ററിലെ തലവാചകം).
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ സിംഹഭാഗവും പടിഞ്ഞാറന്‍ യുപിയിലെ ശാംലി, മുസഫര്‍നഗര്‍, സഹാറന്‍പൂര്‍, ബാഗ്‌പേട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. നിയമബാഹ്യമായ കൊലപാതകങ്ങളാണ് പലതുമെന്നു വ്യക്തമാണ്. ഈ ലേഖിക കൊല്ലപ്പെട്ട 14 പേരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ സംശയം ബലപ്പെടുകയാണുണ്ടായത്.
2017 ജൂണില്‍ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ്, ഏറ്റുമുട്ടല്‍ കൊലയാണ് തന്റെ പോലിസ് നയമെന്നു വ്യക്തമാക്കിയത്. അവര്‍ കുറ്റം ചെയ്താല്‍ ഞങ്ങള്‍ ആഞ്ഞടിക്കുമെന്ന് അഭിമുഖത്തില്‍ യോഗി പറയുന്നു. ഭരണഘടനയെയും നിയമവാഴ്ചയെയും സംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി, സുപ്രിംകോടതി 2012ല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ചു പുറപ്പെടുവിച്ച സുപ്രധാന ഉത്തരവ് കണ്ടുകാണില്ല: ''ഭയം ജനിപ്പിക്കുന്ന കുറ്റവാളിയാണെങ്കില്‍ തന്നെ പോലിസിന്റെ പണി അയാളെ വകവരുത്തുകയല്ല. പ്രതികളെ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്കായി ഹാജരാക്കുകയും വേണം. കുറ്റവാളികളെ വകവരുത്തിയ ശേഷം അത് ഏറ്റുമുട്ടലാണെന്നു വിവരിക്കുന്ന, കാഞ്ചി കണ്ടാല്‍ ലഹരി പിടിക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ ഈ കോടതി വിമര്‍ശിച്ചിട്ടുണ്ട്. അത്തരം കൊലകള്‍ ശക്തമായി അപലപിക്കപ്പെടണം. നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ അങ്ങനെയൊന്നില്ല. അത് ഭരണകൂട ഭീകരതയാണ്.''
സുപ്രിംകോടതി വിധി അവഗണിക്കുന്ന യോഗി അന്നു പോലിസിനു തെറ്റായൊരു സന്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അതാണ് തെളിയിക്കുന്നത്.
ഫുര്‍ഖാന്റെ കാര്യം തന്നെ പരിശോധിക്കാം. അയാളുടെ പേരില്‍ 36 കേസുകള്‍ ഉണ്ടായിരുന്നെന്നും അയാളെ പിടികൂടുന്നവര്‍ക്ക് അര ലക്ഷം രൂപ ഇനാമായി പ്രഖ്യാപിച്ചിരുന്നുവെന്നും പോലിസ് അവകാശപ്പെടുന്നു.
ബുധന പോലിസ് സ്‌റ്റേഷന്‍ മേധാവി ചമന്‍സിങ് ചാവ്‌റ ഫുര്‍ഖാന്റെ കൊല എങ്ങനെ നടന്നുവെന്നു വിശദീകരിക്കുന്നു: ''ഒക്ടോബര്‍ 27നു രാത്രി പോലിസ് സംഘം റോന്തുചുറ്റുകയായിരുന്നു. അപ്പോഴാണ് രണ്ടു ബൈക്കുകളില്‍ അവര്‍ വന്നത്. നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ വണ്ടി നിര്‍ത്താതെ അവര്‍ പോലിസിനു നേരെ വെടിവയ്ക്കുകയായിരുന്നു. പോലിസ് തിരിച്ചു വെടിവച്ചപ്പോള്‍ ഫുര്‍ഖാന്‍ കൊല്ലപ്പെട്ടു. മറ്റു രണ്ടു പേര്‍ രക്ഷപ്പെടുകയും ചെയ്തു.'' ഫുര്‍ഖാന്റെ ശരീരത്തില്‍ തോക്കുകളും വെടിയുണ്ടകളും ഉണ്ടായിരുന്നുവെന്നും പോലിസ് അവകാശപ്പെടുന്നു.
എന്നാല്‍, ഒക്ടോബര്‍ 22നു ഭര്‍ത്താവും താനും സുഖമില്ലാത്ത സഹോദരനെ കാണാന്‍ പോയിരുന്നുവെന്നും വഴിക്കുവച്ച് പഴക്കടയില്‍ നിന്ന് ആപ്പിള്‍ വാങ്ങാന്‍ പോയ ഫുര്‍ഖാനെ പിന്നെ കണ്ടിട്ടില്ലെന്നും ഭാര്യ നസ്‌റീന്‍ പറയുന്നു. ജയിലില്‍ നിന്നു വന്ന ശേഷം ഫുര്‍ഖാന്‍ കുടുംബത്തില്‍ തന്നെയായിരുന്നുവെന്നും നസ്‌റീന്‍ വെളിപ്പെടുത്തുന്നു. കൊല്ലപ്പെട്ട ശേഷം മാധ്യമങ്ങള്‍ 12 വര്‍ഷം പഴക്കമുള്ള ഫുര്‍ഖാന്റെ പടമാണ് പ്രസിദ്ധീകരിച്ചത്. സാധാരണ ഏറ്റുമുട്ടല്‍ നടന്നുവെന്നു സൂചിപ്പിക്കുന്ന പടങ്ങളാണ് പ്രസിദ്ധീകരിക്കാറെന്നും അവര്‍ പറയുന്നു.
പോലിസ് ഫുര്‍ഖാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുകൊടുക്കാന്‍ പരമദരിദ്രയായ നസ്‌റീനില്‍ നിന്നു 1400 രൂപ കൈക്കൂലിയായി വാങ്ങി. മൃതദേഹത്തിലെ മിക്കവാറും എല്ലാ എല്ലുകളും പൊട്ടിയിരുന്നു. അതായത്, വെടിവച്ചുകൊല്ലുന്നതിനു മുമ്പ് അയാളെ പോലിസ് ഭീകരമായി ഭേദ്യം ചെയ്തിരുന്നു.
ഫുര്‍ഖാന്റെ അഞ്ചു സഹോദരന്‍മാരെയും കവര്‍ച്ച, മോഷണം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി പോലിസ് ജയിലില്‍ അടച്ചിരിക്കുകയാണ്. ഏറ്റവും ഇളയ ഫര്‍മീനെ പോലിസ് കസ്റ്റഡിയില്‍ വച്ച് ഷോക്കേല്‍പിച്ച വിവരം പുറത്തുവന്നു. ഇപ്പോള്‍ പിതാവായ, റിക്ഷ വലിക്കുന്ന മീര്‍ ഹസന്റെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. കവര്‍ച്ചയും കൊള്ളയും നടത്തി ജീവിക്കുന്നവര്‍ ഇത്ര ചെറിയ കുടിലിലാണോ കഴിയുക എന്ന ചോദ്യം ആരുടെ മനസ്സിലും ഉയരും.
ഫുര്‍ഖാന്റെ കുടുംബത്തിന് ഇതു സംബന്ധിച്ച് വിശദമായ പോലിസ് അന്വേഷണത്തിന് ഇറങ്ങാനുള്ള ശേഷിയില്ല. ഭയമാണ് കുടുംബത്തെ ചൂഴ്ന്നുനില്‍ക്കുന്നത്. അങ്ങനെയൊരു നീക്കം നടത്തിയാല്‍ ജയിലില്‍ കഴിയുന്ന ബാക്കി സഹോദരന്‍മാരെയും പോലിസ് ഇതേപോലെ വകവരുത്തുമെന്ന് അവര്‍ സംശയിക്കുന്നു. ഒരാള്‍ പ്രതിയായാല്‍ അയാളുടെ കുടുംബത്തിലെ ബാക്കി അംഗങ്ങളെയും കുറ്റവാളിയാക്കുക എന്നതാണ് പോലിസിന്റെ തന്ത്രം. തെളിയിക്കപ്പെടാത്ത, പ്രതികളെ കിട്ടാത്ത കേസുകളിലൊക്കെ അവരെ പ്രതികളാക്കാം.
ശാംലിയിലെ ബുണ്ടായില്‍ തട്ടുകട നടത്തിയിരുന്ന അസ്‌ലമിനെ ഡിസംബര്‍ 9നാണ് നോയിഡയിലെ ദാദ്രിയില്‍ വച്ച് പോലിസ് വെടിവച്ചു കൊല്ലുന്നത്. അതിനു നേതൃത്വം കൊടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനന്ത് കുമാര്‍, അസ്‌ലം വലിയൊരു കുറ്റകൃത്യം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ആരോപിക്കുന്നു. അസ്‌ലമിന്റെ അഞ്ചു സഹോദരന്‍മാരില്‍ നാലു പേര്‍ ഇപ്പോള്‍ ജയിലിലാണ്. ഒമ്പതു മാസം ഗര്‍ഭമുള്ള പത്‌നി ഇസ്‌റാന, ഗ്രാമത്തില്‍ എന്തു കുറ്റകൃത്യം ഉണ്ടായാലും പോലിസ് നേരെ തങ്ങളുടെ വീട്ടിലെത്തുന്നുവെന്നും തങ്ങള്‍ പോലിസിനു ബലിയാടുകളുടെ ഒരു സംഘമാെണന്നും സങ്കടപ്പെടുന്നു.
2016 ജൂണ്‍ 13നു ബിജെപി എംപിയും മുസഫര്‍നഗര്‍ കലാപത്തിന്റെ ആസൂത്രകരില്‍ ഒരാളുമായ ഹുകും സിങ് ഒരു വ്യാജ ആരോപണം നടത്തിയിരുന്നു. കൈറാന പട്ടണത്തില്‍ നിന്ന് 346 ഹിന്ദു കുടുംബങ്ങള്‍ ഒരു പ്രത്യേക സമുദായത്തിന്റെ ഭീഷണിയെ തുടര്‍ന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി എന്നായിരുന്നു ഹുകും സിങിന്റെ നുണ. പ്രത്യേക സമുദായം ഏതെന്നു പറയേണ്ടതില്ല. പിന്നീട് അയാള്‍ അതു നിഷേധിച്ചത് സമ്മര്‍ദം കൂടിയപ്പോഴാണ്.
2011ലെ സെന്‍സസ് പ്രകാരം കൈറാനയില്‍ 68 ശതമാനം മുസ്‌ലിംകളാണ്. പട്ടണത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണവും മുസ്‌ലിം ജനസംഖ്യയും ചേര്‍ത്തുപറയുന്നത് ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. 2017 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹുകും സിങിന്റെ നുണ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കൈറാന പ്രതിനിധാനം ചെയ്യുന്ന അരാജകത്വം അവസാനിപ്പിക്കും എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. അതിന്റെ ഫലമായി യുപി അസംബ്ലിയില്‍ മുസ്‌ലിം എംഎല്‍എമാരുടെ എണ്ണം 403ല്‍ 24 ആയി ചുരുങ്ങി. സമാജ്‌വാദി പാര്‍ട്ടി ഭരിക്കുമ്പോള്‍ അത് 67 ആയിരുന്നു. കൊല്ലപ്പെട്ട 14 പേരില്‍ 13 പേരും മുസ്‌ലിംകളായത് യാദൃച്ഛികമാവാന്‍ വഴിയില്ല.                                                             ി

(അവസാനിക്കുന്നില്ല)

(കടപ്പാട്: ദ വയര്‍)

RELATED STORIES

Share it
Top