യോഗിക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതിന് നിയമ ഭേദഗതിക്കൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
രാഷ്ട്രീയപ്രേരിതമായുള്ള കേസുകളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരേ നടപടിയുണ്ടാവുന്നത് ഒഴിവാക്കുകയാണ് നിയമഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു. 1995ല്‍ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശിവപ്രതാപ് ശുക്ല, ബിജെപി എംഎല്‍എ ശീതള്‍ പാണ്ഡെ തുടങ്ങിയവര്‍ക്കും മറ്റു 10 പേര്‍ക്കും എതിരേ ചുമത്തിയ കേസ് ഒഴിവാക്കുന്നതിന് വേണ്ടിയാണു ഭേദഗതി വരുത്തുന്നത്.
ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിക്കുള്ള ബില്ല് ഡിസംബര്‍ 21ന് സഭയുടെ മേശപ്പുറത്തുവച്ചതായാണ് റിപോര്‍ട്ട്. രാഷ്ട്രീയപ്രേരിതമായി പൊതുപ്രവര്‍ത്തകര്‍ക്കെതിരേ 24,000 ഓളം കേസുകള്‍ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് യോഗം ചേര്‍ന്നതിനാണ് 1995 മെയ് 27ന് പിപ്പിഗഞ്ച് പോലിസ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പിന്നീട് പ്രതികള്‍ കേസുമായി സഹകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് പ്രതികള്‍ക്കെതിരേ  ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

RELATED STORIES

Share it
Top