യോഗങ്ങളുടെ വേദിയില്‍ യോഗയുടെ ദിനംകൊല്ലം: നിരവധി ചൂടേറിയ യോഗങ്ങള്‍ കണ്ട ജില്ലാ പഞ്ചായത്ത് സമ്മേളന ഹാള്‍ യോഗയുടെ സ്വാസ്ഥ്യം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ യോഗ ജീവിതവ്രതമായി കൊണ്ടു നടക്കുന്നവരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ യോഗാസനങ്ങളും പ്രാണായാമവുമൊക്കെ കാഴ്ച്ചക്കാരില്‍ കൗതുകമുണര്‍ത്തി. സംഗീതത്തിന്റെ താളത്തിനൊത്ത് യോഗാഭ്യാസം അവതരിപ്പിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയടക്കമുള്ള വിശിഷ്ടാതിഥികളും പങ്കു ചേര്‍ന്നു. ജില്ലാ പഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായാണ് യോഗാദിനാചരണം സംഘടിപ്പിച്ചത്. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങളെ ഒഴിവാക്കുന്നതിന് യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പറഞ്ഞു. ഒരു കേവലവ്യായാമം എന്ന നിലയിലല്ല യോഗയെ സമീപിക്കേണ്ടത്. ജീവിതത്തെ ഒരേ സമയം ചടുലവും സുഖകരവും ആക്കുന്നതിനുള്ള ഒരു സമര്‍പ്പണമാണ് യോഗ. യോഗയുടെ അനിവാര്യത സാധാരണക്കാരില്‍ എത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു.  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ ശശിധരനും സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ജില്ലാ ആയൂര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ ഷാജി ജോസ് സംസാരിച്ചു. ജീവിതശൈലി രോഗങ്ങളില്‍ യോഗയുടെ പ്രസക്തി എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി   എസ് ശശികല വിഷയം അവതരിപ്പിച്ചു.  ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍  ഡോ വി കെ പ്രിയദര്‍ശനി യോഗ ദിന സന്ദേശം നല്‍കി. ഡോ സി പി ശ്യാംകുമാര്‍, ഡോ സോണിയ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി ആയുഷ് വകുപ്പിലെ ജീവനക്കാരും യോഗ പഠിതാക്കളും ചേര്‍ന്ന് യോഗാദിന സന്ദേശയാത്ര നടത്തി.

RELATED STORIES

Share it
Top