യെദ്യൂരപ്പയുടെ മകന്‍ മല്‍സരിക്കില്ല

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുന്ന വരുണ മണ്ഡലത്തില്‍ ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര ബിജെപി സ്ഥാനാര്‍ഥിയാവില്ല. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ യെദ്യൂരപ്പയാണു തന്റെ മകന്‍ മല്‍സരരംഗത്ത് ഉണ്ടാവില്ലെന്നു വ്യക്തമാക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സുരക്ഷിത മണ്ഡലമാണ് വരുണ എന്നതിനാലാണു മകനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. വരുണയില്‍ യെദ്യൂരപ്പയുടെ മകന്‍ സിദ്ധരാമയ്യയുടെ മകനെ നേരിടുമെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മകന്‍ സ്ഥാനാര്‍ഥിയാവാത്തതില്‍ താന്‍ അസന്തുഷ്ടനല്ലെന്നു യെദ്യൂരപ്പ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അനുമതിയോടു കൂടിയാണു വിജയേന്ദ്രയെ മല്‍സരിപ്പിക്കേണ്ടെന്നു ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചത്. സീറ്റിനായി വിജയേന്ദ്ര കഠിനാധ്വാനം ചെയ്തിരുന്നതായി യെദ്യൂരപ്പ പറഞ്ഞു. വരുണ അടക്കമുള്ള മണ്ഡലങ്ങളില്‍ വിജയേന്ദ്ര ബിജെപിക്കായി പ്രചാരണത്തിനിറങ്ങും.
ബിജെപിയില്‍ മറ്റ്് നിരവധി അച്ഛന്‍ മകന്‍ കൂട്ടുകെട്ടുകളുണ്ട്. വരുണയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും ബിജെപി വിജയിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. വിജയേന്ദ്രയ്ക്ക് ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് നഞ്ചന്‍ഗുഡയില്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. യെദ്യൂരപ്പ പങ്കെടുത്ത പൊതുസമ്മേളനത്തിനിടെയായിരുന്നു ഏറ്റുമുട്ടല്‍. വേദിയില്‍ക്കയറി കസേര വലിച്ചെറിയുകയും നേതാക്കള്‍ക്കെതിരേ ആക്രമണത്തിനു മുതിരുകയും ചെയ്തവരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി.

RELATED STORIES

Share it
Top