യെച്ചൂരി വിജയം

എച്ച്  സുധീര്‍
ഹൈദരാബാദ്: സിപിഎമ്മിനുള്ളിലെ വിഭാഗീയത രൂക്ഷമാക്കിയ കരട് രാഷ്ട്രീയപ്രമേയത്തിന് ഒടുവില്‍ ഒത്തുതീര്‍പ്പിലൂടെ അംഗീകാരം. പൊതുചര്‍ച്ചയ്ക്കു ശേഷം ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയിലെ സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ കരടിലെ രണ്ട് ഖണ്ഡികകള്‍ ഒഴിവാക്കി പ്രമേയത്തിന് അംഗീകാരം നല്‍കി. പൊതുചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിച്ചിട്ടും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉറച്ച നിലപാടിനു മുന്നില്‍ കാരാട്ട്പക്ഷം വഴങ്ങുകയായിരുന്നു. ഇതുപ്രകാരം, കരട് രാഷ്ട്രീയപ്രമേയത്തിലെ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന പരാമര്‍ശങ്ങള്‍ ഒഴിവാക്കി. കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ലെന്ന  പരാമര്‍ശം ഒഴിവാക്കി രാഷ്ട്രീയസഖ്യം പാടില്ലെന്നാക്കി മാറ്റി. ബിജെപിക്കെതിരായി പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്താമെന്നും ഇതൊരു അടവുനയമായി കാണണമെന്നുമുള്ള പരാമര്‍ശത്തിലും മാറ്റമുണ്ട്. അടവുനയം എന്നത് ഒഴിവാക്കി മതേതര പാര്‍ട്ടികളുമായി യോജിച്ച് പ്രക്ഷോഭം നടത്താമെന്ന് കൂട്ടിച്ചേര്‍ത്തു.
22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പിബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് പ്രമേയത്തിനെതിരേ യെച്ചൂരി ബദല്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. തുടര്‍ന്നു നടന്ന പൊതുചര്‍ച്ച വോട്ടെടുപ്പിലേക്ക് നീങ്ങുമെന്ന സാഹചര്യമെത്തിയതോടെ സ്റ്റിയറിങ് കമ്മിറ്റി ഇടപെട്ട് സമവായനീക്കം നടത്തുകയായിരുന്നു. യെച്ചൂരിയുടെ വെല്ലുവിളി പൊട്ടിത്തെറിയിലേക്കു നീങ്ങുമെന്നുള്ള ഘട്ടത്തില്‍ എത്തിയതോടെയാണ് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അംഗങ്ങള്‍ സമവായ നിര്‍ദേശം മുന്നോട്ടുവച്ചത്. കാരാട്ടിന് കൂടി സ്വീകാര്യമായ രീതിയിലാണ് മാറ്റം. ഭേദഗതി വരുത്തിയ രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ഔദ്യോഗിക ഭേദഗതിയെ 9 പേര്‍ എതിര്‍ക്കുകയും നാലു പേര്‍ നിഷ്പക്ഷത പാലിക്കുകയും ചെയ്തു. അതേസമയം, രാഷ്ട്രീയ സഖ്യമില്ലെന്നത് തിരഞ്ഞെടുപ്പ് സഖ്യമില്ലെന്നു തന്നെയാണെന്നാണ് പ്രകാശ് കാരാട്ടിന്റെ വിശദീകരണം.
യെച്ചൂരിയുടെ നിലപാടുകളില്‍ പിന്നോട്ടില്ലെന്ന് ബംഗാള്‍ ഘടകം ഉറച്ച നിലപാടെടുത്തു. രഹസ്യബാലറ്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന് ഭൂരിഭാഗം സംസ്ഥാന ഘടകങ്ങളും ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ചയ്ക്ക് മറുപടി തയ്യാറാക്കാന്‍ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ (പിബി) സമവായനിര്‍ദേശം ഉയര്‍ന്നുവന്നത്. പ്രതിനിധി സമ്മേളനത്തില്‍ ഇന്നു രാവിലെ കരട് സംഘടനാ റിപോര്‍ട്ട് അവതരിപ്പിക്കും. ഇന്നലെ രാത്രി അവതരിപ്പിക്കേണ്ട സംഘടനാ റിപോര്‍ട്ട് രാഷ്ട്രീയപ്രമേയത്തിലെ ചര്‍ച്ചകള്‍ നീണ്ടുപോയതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ ഉച്ചവരെ നടന്ന പൊതുചര്‍ച്ചയില്‍ 47 പേരാണ് പങ്കെടുത്തത്. യെച്ചൂരിക്കും കാരാട്ടിനും ഒരുപോലെ പിന്തുണ ലഭിക്കുംവിധമായിരുന്നു ചര്‍ച്ചകള്‍. യെച്ചൂരിയെ പിന്തുണച്ച് 11 സംസ്ഥാനങ്ങളാണ് രംഗത്തു വന്നത്.
അതേസമയം, ഇന്നലെ നടന്ന പൊതുചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത കെ കെ രാഗേഷ് കടുത്ത ഭാഷയിലാണ് യെച്ചൂരിയെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ്സിനായി പിന്‍വാതില്‍ തുറന്നിട്ടിരിക്കുന്ന യെച്ചൂരിയുടെ നിരാശയില്‍നിന്നാണ് ബദല്‍ നിലപാട് ഉയരുന്നതെന്ന് രാഗേഷ് കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top