യെച്ചൂരി നേരിടുന്ന വെല്ലുവിളികള്‍

സിപിഎം ചരിത്രത്തിലെ ഏറ്റവും കടുത്ത ഉള്‍പ്പാര്‍ട്ടി സമരങ്ങളിലൊന്നില്‍ ഉജ്ജ്വല വിജയം നേടിയാണ് സീതാറാം യെച്ചൂരി രണ്ടാംതവണയും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത്. കഴിഞ്ഞ ജനുവരിയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ വോട്ടിനിട്ടു പരാജയപ്പെടുത്തപ്പെട്ട അതേ രാഷ്ട്രീയ ലൈനാണ് ഹൈദരാബാദിലെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ യെച്ചൂരി വിജയിപ്പിച്ചെടുത്തത്.
അതൊരു അസാധാരണ വിജയമാണ്; യെച്ചൂരിയുടെ നേതൃമികവിനും ചിന്താപരമായ ദാര്‍ഢ്യത്തിനും കൃത്യമായ ഉദാഹരണവും. കേന്ദ്രകമ്മിറ്റി തന്റെ നിലപാട് തള്ളിയ വേളയില്‍ അതുതന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്. അന്തിമവിധി പാര്‍ട്ടി കോണ്‍ഗ്രസ്സിന്റേതാണ്; അവിടം വരെ യുദ്ധം തുടരും.
എന്തുകൊണ്ടാണ് പ്രകാശ് കാരാട്ടും പ്രബലമായ കേരള ഘടകവും അടക്കമുള്ള പ്രബലരെ പാര്‍ട്ടി സമ്മേളനവേദിയില്‍ എതിര്‍ത്തു തോല്‍പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം യെച്ചൂരി പുലര്‍ത്തിയത്? പ്രധാന കാരണം, പാര്‍ട്ടി നേതൃത്വവും അണികളും തമ്മിലുള്ള അത്യഗാധമായ വിടവ് അദ്ദേഹത്തിന്റെ കൂര്‍മബുദ്ധിക്ക് കണ്ടറിയാന്‍ സാധിച്ചിരുന്നു എന്നതുതന്നെ. പാര്‍ട്ടി അണികളും മഹാഭൂരിപക്ഷം അനുയായികളും ഇന്നത്തെ സുപ്രധാന രാഷ്ട്രീയ കടമയായി കണ്ടത് നിലവിലുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് പ്രവണതകളെ എന്തു വിലകൊടുത്തും തടയേണ്ടതിന്റെ ആവശ്യകതയാണ്. അതിനു പറ്റിയ അവസരമാണ് ഒരുവര്‍ഷത്തിനകം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍ പ്രതിപക്ഷനിരകളെ ഏകോപിപ്പിച്ച് ഒരു ശക്തമായ ബദല്‍ കെട്ടിപ്പടുക്കുക എന്നത് സുപ്രധാനമായ കടമയാണ്.
1997ലും 2004ലും ദേശീയതലത്തില്‍ അത്തരം ബദല്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ച പാര്‍ട്ടിയാണ് സിപിഎം. ഇന്ന് സംഘപരിവാര ഭരണകൂടത്തെ എതിര്‍ക്കുന്നതില്‍ അത്തരമൊരു നേതൃപരമായ പങ്ക് വഹിക്കുന്നതില്‍ നിന്നു പിന്നോട്ടു വലിയുന്ന സമീപനമാണ് കാരാട്ടും സംഘവും സ്വീകരിച്ചത്. അത് അണികളും ബഹുജനങ്ങളും അംഗീകരിക്കുന്ന സമീപനമായിരുന്നില്ല.
ആ തിരിച്ചറിവാണ് യെച്ചൂരിയുടെ വിജയത്തിന്റെ കാതല്‍. അതിനാല്‍ രാജ്യത്ത് ഫലപ്രദമായ ബദല്‍ നയങ്ങളും രാഷ്ട്രീയ മുന്നണികളും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ യെച്ചൂരിയുടെ നേതൃത്വവും പങ്കാളിത്തവും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസ്സുമായി തൊട്ടുകൂടാ എന്ന സമീപനം സ്വീകരിച്ചുകൊണ്ട് ഇന്നത്തെ ഇന്ത്യയില്‍ ആര്‍എസ്എസ്-ബിജെപി ഭരണകൂടത്തെ പുറത്താക്കാന്‍ സാധ്യമാവുകയില്ല. അതു ശക്തമായി വാദിച്ചുറപ്പിക്കുന്നതില്‍ യെച്ചൂരി വിജയിച്ചിരിക്കുന്നു.
പക്ഷേ, അദ്ദേഹത്തിനു മുന്നിലുള്ള വെല്ലുവിളികള്‍ വലുതാണ്. ശരിയായ നയം അംഗീകരിപ്പിച്ചാലും അതു നടപ്പാക്കുകയെന്നത് ക്ഷിപ്രസാധ്യമല്ല. വളരെയേറെ ശോഷിച്ച ഒരു പാര്‍ട്ടി സംഘടനയാണ് അദ്ദേഹത്തിനു കൈമുതലായുള്ളത്. കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അദ്ദേഹത്തിന്റെ എതിരാളികള്‍ക്കു തന്നെയാണ് ഇപ്പോഴും ഭൂരിപക്ഷമുള്ളത്. അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോ ഇഞ്ചും പോരാടിക്കൊണ്ടു മാത്രമേ യെച്ചൂരിക്കു മുന്നോട്ടുപോവാനാവുകയുള്ളൂ.

RELATED STORIES

Share it
Top