യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും

ഹൈദരാബാദ്: സിപിഎമ്മിന്റെ പുതിയ കേന്ദ്രകമ്മിറ്റിയുടെയും പോളിറ്റ്ബ്യൂറോയുടെയും തിരഞ്ഞെടുപ്പ് ഇന്ന്. നിലവിലെ സാഹചര്യത്തില്‍ സീതാറാം യെച്ചൂരി തന്നെ ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരും. ജനറല്‍ സെക്രട്ടറിസ്ഥാനത്ത് ഒരാള്‍ക്ക് മൂന്ന് ടേം വരെ തുടരാം. യെച്ചൂരി ഒരു ടേം മാത്രമാണു പൂര്‍ത്തിയാക്കിയത്. അതിനാല്‍ യെച്ചൂരിക്ക് പാര്‍ട്ടി ഭരണഘടന അനുസരിച്ച് രണ്ട് ടേം കൂടി ഇനി ബാക്കിയുണ്ട്. ഒപ്പം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങും മുമ്പ് ഉണ്ടായിരുന്ന സാഹചര്യം മാറുകയും ചെയ്തത് യെച്ചൂരി തുടരാനുള്ള സാധ്യതയുടെ ആക്കംകൂട്ടുന്നു.
രാഷ്ട്രീയ പ്രമേയത്തില്‍ തന്റെ നിലപാടിന് സാധൂകരണം ലഭിച്ചതിനാല്‍ അദ്ദേഹം സ്വയം ഒഴിയില്ല. രാഷ്ട്രീയ പ്രമേയത്തിലെന്നപോലെ ഇക്കാര്യത്തിലും സമവായത്തിനാവും മുന്‍തൂക്കം. ഇനി യെച്ചൂരി മാറുകയാണെങ്കില്‍ ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍, പിബി അംഗങ്ങളായ വൃന്ദ കാരാട്ട്, ബി വി രാഘവലു, എം എ ബേബി എന്നിവരുടെ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
അതേസമയം, 80 വയസ്സു തികഞ്ഞ  മലയാളിയായ എസ് രാമചന്ദ്രന്‍പിള്ള  പോളിറ്റ്ബ്യൂറോയില്‍ നിന്നും കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിയുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പി കെ ഗുരുദാസനും കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിയും. അതിനാല്‍ കേരളത്തില്‍ നിന്ന് സിസിയിലും പിബിയിലും പുതുമുഖങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നിന്നാണെങ്കില്‍ എ കെ ബാലനോ തോമസ് ഐസക്കോ പിബിയിലെത്തും. എന്നാല്‍, രാമചന്ദ്രന്‍പിള്ളയ്ക്കു പകരം മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക് ധാവ്‌ളെയെ പരിഗണിക്കുമെന്നും റിപോര്‍ട്ടുണ്ട്. എസ്ആര്‍പിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് കേരളഘടകം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ഇന്നു രാവിലെ ചേരുന്ന പിബി യോഗം നിര്‍ണായകമാവും.
എസ്ആര്‍പിയെ കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി നിലനിര്‍ത്താനാണു സാധ്യത. സിപിഎമ്മിന്റെ പട്ടികജാതി സംഘടനയുടെ ദേശീയ പ്രസിഡന്റായ കെ രാധാകൃഷ്ണന്‍ സിസിയിലെത്തുമെന്നാണു കരുതുന്നത്്. സംസ്ഥാന സെക്രട്ടേറിയറ്റിലെ സീനിയോറിറ്റി പരിഗണിക്കുമ്പോള്‍ എം വി ഗോവിന്ദന്‍, ബേബിജോണ്‍ എന്നിവര്‍ക്കും അവസരം നല്‍കേണ്ടതുണ്ട്.
പുതുതായി കേന്ദ്രകമ്മിറ്റിയിലെത്തുന്നവരില്‍ എം വി ഗോവിന്ദന്റെ പേരിനാണ് മുഖ്യ പരിഗണന. യുവനേതാക്കളെ പരിഗണിച്ചാല്‍ കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ്, പി രാജീവ് എന്നിവരില്‍ നിന്ന് ഒരാള്‍ക്കാവും അവസരമുണ്ടാവുക.
വൈക്കം വിശ്വനും സാധ്യത പറയുന്നുണ്ട്. എസ് രാമചന്ദ്രന്‍പിള്ളയും പി കെ ഗുരുദാസനും കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണെന്ന പരിഗണനയില്‍ കെ എന്‍ ബാലഗോപാലിനെ സിസിയിലെടുത്തേക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷയായ എം സി ജോസഫൈനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് മാറ്റുകയാണെങ്കില്‍ പകരം പി സതീദേവിയോ ടി എന്‍ സീമയോ കേന്ദ്രകമ്മിറ്റിയിലെത്തും.

RELATED STORIES

Share it
Top