യെച്ചൂരിയെ വിളിക്കൂ, സിപിഎമ്മിനെ രക്ഷിക്കൂ

എനിക്ക് തോന്നുന്നത് - കെ പി അബൂബക്കര്‍, മുത്തനൂര്‍
സിപിഎമ്മിന്റെ ശത്രുക്കളും മിത്രങ്ങളും ഒരുപോലെ പാര്‍ട്ടിയുടെ ഭാവിയോര്‍ത്ത് ദുഃഖിക്കുന്ന സന്ദര്‍ഭമാണിത്. സിപിഎം രാജ്യത്ത് കുറ്റിയറ്റുപോവുന്നതില്‍ സംഘപരിവാരം ഒഴികെ ആരും സന്തോഷിക്കുകയില്ല. സംഘപരിവാരം ഇന്ത്യയില്‍ തങ്ങളുടെ മൂന്ന് ശത്രുക്കളെ തൊട്ടുകാണിച്ചതില്‍ ഒന്ന് കമ്മ്യൂണിസ്റ്റുകള്‍ ആണല്ലോ.
ബംഗാളിനു പിറകെ ത്രിപുരയില്‍ നിന്നും സിപിഎം പുറന്തള്ളപ്പെട്ടിരിക്കുന്നു. ഇനിയുള്ള തുരുത്ത് കേരളം മാത്രമാണ്. ആരെന്ത് ന്യൂനതകള്‍ പറഞ്ഞാലും സിപിഎം ജനാധിപത്യ മതേതര പാര്‍ട്ടി തന്നെയാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെയാണ് ആ പാര്‍ട്ടിയുടെ നാശത്തില്‍ കോണ്‍ഗ്രസ് പോലും ദുഃഖിക്കുന്നത്. സീതാറാം യെച്ചൂരി രാജ്യസഭയില്‍ ഉണ്ടായിരിക്കേണ്ട ആളാണെന്നും സ്ഥാനാര്‍ഥിയാക്കുകയാണെങ്കില്‍ തങ്ങള്‍ അദ്ദേഹത്തിന് നിരുപാധിക പിന്തുണ നല്‍കാമെന്നും ആരും അഭ്യര്‍ഥിക്കാതെ തന്നെ കോണ്‍ഗ്രസ്, സിപിഎം നേതൃത്വത്തെ അറിയിച്ചത് മറക്കാറായിട്ടില്ലല്ലോ. വിനാശകാലേ വിപരീതബുദ്ധി എന്നു പറഞ്ഞതുപോലെ കോണ്‍ഗ്രസ് വിരോധം മൂത്ത സിപിഎം പോളിറ്റ്ബ്യൂറോ ഈ ഔദാര്യം നിരസിക്കുകയാണു ചെയ്തത്.
രാജ്യത്തിന്റെ ശത്രുക്കളായ ബിജെപിയെ അധികാരത്തില്‍ നിന്നു വലിച്ചു പുറത്തിടാന്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ് നേതൃത്വത്തിലും അണികളിലും ഒരുവിഭാഗം. അണികള്‍ എന്നു പറയുമ്പോള്‍ പാര്‍ട്ടിയുടെ കേരള ഘടകം എന്നേ അര്‍ഥമാക്കേണ്ടതുള്ളൂ. ബംഗാള്‍, ത്രിപുര ഘടകങ്ങളെല്ലാം പൊതുവില്‍ യെച്ചൂരിക്ക് പച്ചക്കൊടി കാണിക്കുകയാണു ചെയ്തത്.
കേരളം ഭരിക്കുന്ന മുന്നണിയുടെ നേതൃത്വം ഇന്ന് സിപിഎമ്മിന്റെ കരങ്ങളിലാണ്. ഇവിടുത്തെ പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസ്സുമാണ്. കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുന്നതില്‍ നിന്ന് സിപിഎമ്മിനെ തടയുന്ന ഘടകം ഇതാണ്.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് കോടാലി വച്ച, ഗാട്ട് കരാറിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്ത പാതകങ്ങളൊക്കെ ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എങ്കിലും രാജ്യത്തിന്റെ ഭരണഘടന തന്നെ മാറ്റിയെഴുതാന്‍ കോപ്പുകൂട്ടുന്ന ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിന്റെ സഹായം കൂടി ആവശ്യമായി വന്നിരിക്കുന്നു. അതിലൂടെ സിപിഎമ്മിന് പിടിച്ചുനില്‍ക്കുകയും ചെയ്യാം- ഇതാണ് യെച്ചൂരി പറയുന്നത്.
യെച്ചൂരിയെ എതിര്‍ക്കുന്നത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംഘവുമാണെന്നു പറയാമെങ്കിലും വാസ്തവത്തില്‍ പ്രധാന എതിരാളികള്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളാണ്. അവര്‍ക്ക് കോണ്‍ഗ്രസ്് വിരോധമാണു പ്രധാനം. എന്നാല്‍, രാജ്യത്തെ മൊത്തം സ്ഥിതിഗതികള്‍ അവലോകനം ചെയ്തുകൊണ്ടു മാത്രമേ സിപിഎമ്മിനെപ്പോലുള്ള ഒരു ദേശീയ കക്ഷിക്ക് നിലപാടുകള്‍ രൂപപ്പെടുത്താന്‍ കഴിയൂ എന്നാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ കേരള സഖാക്കളെ അദ്ദേഹം ഓര്‍മിപ്പിച്ചത്. പാര്‍ട്ടിയുടെ പേര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്നാണെന്ന് അദ്ദേഹത്തിന് അവരോട് പറയേണ്ടിയും വന്നു.
അതുകൊണ്ടു പറയട്ടെ, പാര്‍ട്ടി ഉപ്പുവച്ച കലം പോലെ ആവാതിരിക്കാന്‍ യെച്ചൂരിയെ വിളിക്കൂ, സിപിഎമ്മിനെ രക്ഷിക്കൂ.

RELATED STORIES

Share it
Top