യെച്ചൂരിയുടെ നീക്കം സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ട്

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേശിയ ജന. സെക്രട്ടറി സീതാറാം യെച്ചൂരിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി പ്രതിനിധികള്‍. ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ വൈകിയതാണ് മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിനു കാരണം. ദുരന്തത്തില്‍ മുഖ്യമന്ത്രി കൂടുതല്‍ അവധാനതയോടെ പ്രവര്‍ത്തിക്കണമായിരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി കല്ലറ മധു പറഞ്ഞു. ദുരന്തമുഖത്തേക്ക് മന്ത്രിമാരായ കടകംപള്ളിയും മേഴ്‌സിക്കുട്ടിയമ്മയും വേഗത്തിലെത്തി. മുഖ്യമന്ത്രി എത്താന്‍ വൈകിയത് വലിയ അവമതിപ്പിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.  പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയും വിമര്‍ശനമുണ്ടായി. യെച്ചൂരിയുടെ നീക്കങ്ങള്‍ സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണെന്നും കേരളത്തിലെ പ്രതിപക്ഷനേതാവ് കാനം രാജേന്ദ്രനാണെന്നും പ്രവര്‍ത്തന റിപോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആരോപിച്ചു. എംപി സ്ഥാനം ലഭിക്കാത്തതിന്റെ നിരാശയാണ് യെച്ചൂരി പ്രകടിപ്പിക്കുന്നത്. അടവുനയത്തില്‍ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനം വ്യക്തമാണ്. എന്നിട്ടും അതില്‍ മാറ്റത്തിനു ശ്രമിക്കുന്ന യെച്ചൂരിയുടെ നിലപാട് പ്രത്യേക ലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസ്സുമായി ചേരാനുള്ള നീക്കത്തിനു പിന്നില്‍ യെച്ചൂരിക്ക് വ്യക്തിപരമായ താല്‍പര്യങ്ങളുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ജിഎസ്ടിയുടെ അബദ്ധം തോമസ് ഐസക് മനസ്സിലാക്കാന്‍ ഏറെ വൈകിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്ഥാന പോലിസില്‍ ഏറെയും ആര്‍എസ്എസുകാരാണെന്ന് ചിലര്‍ തുറന്നടിച്ചു. നെടുമങ്ങാട് മണ്ഡലത്തില്‍ സി ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ ജില്ലാ നേതൃത്വം ശ്രമിച്ചിരുന്നതായും നെടുമങ്ങാട് ഏരിയാ പ്രതിനിധികള്‍ വെളിപ്പെടുത്തി. യുവജന പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ഒളിച്ചിരിക്കുകയാണ്. വിദ്യാര്‍ഥി സംഘടനയ്ക്കു റോളില്ല. മന്ത്രിമാരുടെയും അവരുടെ പേഴ്‌സനല്‍ സ്റ്റാഫുകളുടെയും ഇടപെടല്‍ അംഗീകരിക്കാനാവില്ല. സ്വജനപക്ഷപാതം മാത്രം നടത്തുന്നവരായി ചിലര്‍ മാറിയിട്ടുണ്ട്. ചില മന്ത്രിമാര്‍ അവിശുദ്ധ ഇടപാടുകളില്‍ തല്‍പരരുമാണ്. ഇതു പുറത്തുവന്നാല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു. സംഘടനാ റിപോര്‍ട്ട് ചര്‍ച്ചയ്ക്കുള്ള മറുപടിയും പ്രവര്‍ത്തന റിപോര്‍ട്ടിനുള്ള മറുപടിയും സെക്രട്ടറി നല്‍കി. ഇന്നു പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പു നടക്കും.

RELATED STORIES

Share it
Top