യെച്ചൂരിക്ക് രണ്ടാമൂഴം

എച്ച്  സുധീര്‍
ഹൈദരാബാദ്: സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. അഞ്ചു ദിവസമായി ഹൈദരാബാദില്‍ നടന്ന സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത 95 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എസ്ആര്‍പിയെ നിലനിര്‍ത്തിയും രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും 17 അംഗ പിബിയെയും തിരഞ്ഞെടുത്തു. 19 പേരാണ് പുതുതായി കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്.
രണ്ടാംതവണയാണ് യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായെന്നും രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്നും യെച്ചൂരി വ്യക്തമാക്കി. ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനുള്ള സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടിനനുസരിച്ച് കൈക്കൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, കോണ്‍ഗ്രസ്സുമായുള്ള സഹകരണം തിരഞ്ഞെടുപ്പുസമയത്ത് തീരുമാനിക്കുമെന്ന് വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാം എന്നാണ് രാഷ്ട്രീയപ്രമേയം പറയുന്നതെന്നും യെച്ചൂരി  പറഞ്ഞു.
17 അംഗ പിബിയില്‍ എസ് രാമചന്ദ്രന്‍പിള്ളയെ നിലനിര്‍ത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എ കെ പത്മനാഭനെ ഒഴിവാക്കി. പ്രായപരിധിയില്‍ ഇളവു നല്‍കിയാണ് എസ്ആര്‍പിക്ക് തുടരാന്‍ അവസരം നല്‍കിയത്. ബംഗാളില്‍ നിന്നുള്ള തപന്‍സെന്നും നിലോത്പല്‍ ബസുവും പുതുതായി പിബിയിലെത്തി.  തപന്‍സെന്‍ കാരാട്ട് പക്ഷക്കാരനും നിലോത്പല്‍ ബസു യെച്ചൂരിയുടെ നിലപാടുകളെ പിന്തുണയ്ക്കുന്നയാളുമാണ് .
കേന്ദ്രകമ്മിറ്റിയില്‍ 95 സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ 104 അംഗ പാനലിനാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. രണ്ടുപേര്‍ സ്ഥിരം ക്ഷണിതാക്കളും ആറുപേര്‍ പ്രത്യേക ക്ഷണിതാക്കളുമാണ്. കേരളത്തില്‍നിന്നുള്ള പി കെ ഗുരുദാസന്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവായി. 19 പുതുമുഖങ്ങളുള്ള കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് എം വി ഗോവിന്ദനും കെ രാധാകൃഷ്ണനും മുരളീധരനും വിജു കൃഷ്ണനും ഇടംനേടി. പാര്‍ട്ടി സെന്ററില്‍ നിന്നുള്ള മുരളീധരനും വിജു കൃഷ്ണനും നേരത്തേ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായിരുന്നു.
കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ വി എസ് അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും സിസിയില്‍ പ്രത്യേക ക്ഷണിതാക്കളാണ്. മല്ലുസ്വരാജ്യം, മദന്‍ഘോഷ്, പി രാമയ്യ, കെ വരദരാജന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്. പ്രത്യേക ക്ഷണിതാവായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ ഒഴിവാക്കി. ബസുദേവ് ആചാര്യ ചെയര്‍മാനായി അഞ്ചംഗ സെന്‍ട്രല്‍ കണ്‍ട്രോള്‍ കമ്മീഷനെയും തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള പി രാജേന്ദ്രന്‍ കമ്മീഷനില്‍ ഇടം നേടി.
സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. പിബിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും എസ്ആര്‍പിയെ തുടരാന്‍ അനുവദിക്കണമെന്നും കാരാട്ട്പക്ഷം നിലപാടെടുത്തിരുന്നു. അതേസമയം, കാരാട്ട്പക്ഷത്തിനു ഭൂരിപക്ഷമുള്ള സിസിയിലും പിബിയിലും മാറ്റം വേണമെന്നും അല്ലാത്തപക്ഷം വോട്ടെടുപ്പ് നടത്തണമെന്നും ബംഗാള്‍ ഘടകവും നിലപാട് കര്‍ക്കശമാക്കി. തുടര്‍ന്ന്, യെച്ചൂരിക്ക് കൂടി സ്വീകാര്യമായ തരത്തില്‍ ഇരുകമ്മിറ്റികളെയും തിരഞ്ഞെടുക്കുകയായിരുന്നു.

RELATED STORIES

Share it
Top