യെച്ചൂരിക്ക് പിന്തുണയുമായി സിപിഐ

ഹൈദരാബാദ്: ബിജെപിയെ തോല്‍പിക്കാന്‍ മതേതര ജനാധിപത്യശക്തികള്‍ ഒന്നിക്കണമെന്ന സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനു പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സിപിഐയുടെ പിന്തുണ. അതേസമയം,  വിഷയത്തില്‍ സിപിഎമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത ഇടതുപാര്‍ട്ടികളിലും പ്രകടമായി. ബിജെപിയെ വീഴ്ത്താന്‍ മതേതര ജനാധിപത്യ ചിന്താഗതിയുള്ളവരുടെ വിശാലസഖ്യം വേണമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. സഖ്യം തിരഞ്ഞെടുപ്പില്‍  ഒതുങ്ങരുതെന്നും സഹകരണത്തിന് പൊതുമിനിമം പരിപാടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് ഇടതു നേതാക്കളില്‍ ഭൂരിഭാഗവും മതേതരശക്തികളുടെ ഐക്യപ്പെടല്‍ വേണമെന്ന സൂചന നല്‍കിയപ്പോള്‍ എസ്‌യുസിഐയും ഫോര്‍വേഡ് ബ്ലോക്കും മൗനം പാലിച്ചു. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായി രാജ്യത്ത് ഇടതു മതേതര ശക്തികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ഇടതുപക്ഷം ഒന്നിച്ചാല്‍ മാത്രമേ ഫാഷിസ്റ്റുകളെ ഇല്ലാതാക്കാന്‍ കഴിയൂവെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം മനോജ് ഭട്ടാചാര്യ പറഞ്ഞു.

RELATED STORIES

Share it
Top