യൂറോപ്പില്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള ആക്രമണങ്ങളും ദുഷ്പ്രചാരണങ്ങളും വര്‍ധിക്കുന്നതായി 2017ലെ യൂറോപ്യന്‍ ഇസ് ലാമോഫോബിയ റിപോര്‍ട്ട്. മുസ്‌ലിം പള്ളികളിലേക്കു പന്നിയുടെ തലയോ, ചിലപ്പോള്‍ ഗ്രനേഡുകളോ വലിച്ചെറിയുന്ന സംഭവങ്ങളും ശിരോവസ്ത്രം ധരിച്ച മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മസ്ജിദുകള്‍ നിര്‍മിക്കുന്നതിനെതിരെയോ ഹലാല്‍ ഭക്ഷണം വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരേയോ ഉള്ള പ്രതിഷേധങ്ങളും ദിനംപ്രതിയെന്നോണം പല നഗരങ്ങളിലും നടന്നുവരുന്നതായി അടുത്തിടെ പ്രസിദ്ധീകരിച്ച യൂറോപ്യന്‍ ഇസ് ലാമോഫോബിയ റിപോര്‍ട്ടിന്റെ (ഇഐആര്‍) മൂന്നാം പതിപ്പില്‍ വ്യക്തമാക്കുന്നു.
2016ലാണ് ആദ്യമായി ഇത്തരമൊരു റിപോര്‍ട്ട്്്(യൂറോപ്യന്‍ ഇസ് ലാമോഫോബിയ റിപോര്‍ട്ട് 2015)  ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റിന് മുമ്പാകെ ആദ്യം സമര്‍പ്പിച്ചത്. 2017ല്‍ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളും റഷ്യയും ഉക്രൈനും നോര്‍വേയുമടക്കമുള്ള 33 യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്ന മുസ്‌ലിംവിരുദ്ധ ആക്രമണങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്.
ഓസ്ട്രിയയില്‍ കഴിഞ്ഞ വര്‍ഷം 256 മുസ്‌ലിംവിരുദ്ധ വംശീയ ആക്രമണങ്ങളുണ്ടായി. പോളണ്ടില്‍ വിദ്വേഷ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാവുന്നത് നന്നെ ചെറിയ ന്യൂനപക്ഷമായ മുസ്‌ലിംകളാണ്. ജര്‍മനിയില്‍ മസ്ജിദുകള്‍ക്കു നേര്‍ക്ക് 100ലധികം ആക്രമണങ്ങള്‍ നടന്നു. 908 തവണയാണു ജര്‍മനിയില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടത്.
ലണ്ടന്‍ നഗരത്തില്‍ മുസ്‌ലിംകള്‍ക്കെതിരായ വംശീയ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞവര്‍ഷം 40 ശതമാനം വര്‍ധിച്ചു. 1678 മുസ്‌ലിംവിരുദ്ധ അതിക്രമങ്ങളാണു കഴിഞ്ഞവര്‍ഷം നഗരത്തിലുണ്ടായത്. 2016ല്‍ ഇത് 1204 ആയിരുന്നു. എന്നാല്‍ യൂറോപ്പിലെ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്ന് റിപോര്‍ട്ട് പറയുന്നു. മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും പ്രത്യേകം രേഖപ്പെടുത്തുന്നില്ല. വംശീയ ആക്രമണങ്ങളെക്കുറിച്ച് അധികൃതരോട് പരാതിപ്പെടുന്നവര്‍ നന്നെ കുറവാണ്.
ഇസ്‌ലാംഭീതിയുടെ വ്യാപനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്ര വലതുകക്ഷികള്‍ക്കുണ്ടായ വളര്‍ച്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇഐആര്‍ പ്രതിപാദിക്കുന്നു. തിരഞ്ഞെടുപ്പുകളില്‍ തീവ്രവലതുകക്ഷികള്‍ വിജയിക്കുകയോ, വലിയ സ്വാധീനമുണ്ടാക്കുകയോ ചെയ്ത നാടുകളില്‍ ഇസ്‌ലാംഭീതി കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടതായി ഇഐആര്‍ എഡിറ്ററും വാഷിങ്ടണ്‍ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷകനുമായ ഫരീദ് ഹാഫിസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ മുസ്‌ലിംവിരുദ്ധത പ്രചരിപ്പിക്കുന്നത് കൂടുതല്‍ എളുപ്പമായിട്ടുള്ളതായി അദ്ദേഹം നിരീക്ഷിച്ചു.
തീവ്ര വലതുകക്ഷിയായ എഎഫ്ഡി കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ജര്‍മന്‍ പാര്‍ലമെന്റില്‍ നേട്ടമുണ്ടാക്കി. ഓസ്ട്രിയയില്‍ ഫ്രീഡം പാര്‍ട്ടി സര്‍ക്കാരിന്റെ ഭാഗമായി. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി എന്നിവിടങ്ങളിലും വലതുകക്ഷികള്‍ മുന്നേറ്റമുണ്ടാക്കി. ഇവരുടെയെല്ലാവരുടെയും പൊതുശത്രുക്കള്‍ മുസ്‌ലിംകളാണ്- ഫരീദ് ഹാഫിസ് പറഞ്ഞു. ഇസ്‌ലാംഭീതിക്ക് സെമിറ്റിക് വിരുദ്ധതയുമായുള്ള ബന്ധം പലരും മനസ്സിലാക്കുന്നില്ലെന്നു ഫരീദ് ഹാഫിസ് പറഞ്ഞു. രണ്ടും ഒരുമിച്ചു പോവുന്ന ആശയങ്ങളാണ്. പലപ്പോഴും ഒരേ വിഭാഗങ്ങളാണ് അവ പ്രചരിപ്പിക്കുന്നത്. ഇസ്‌ലാംവിരുദ്ധ സെമിറ്റിക് വിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഉയരുന്നതും അവ മുസ്‌ലിംകളെയും ജൂതരെയും ലക്ഷ്യംവയ്ക്കുന്നതു ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top