യൂറോപ്പില്‍ അല്‍പവസ്ത്രധാരികളുടെ എണ്ണം കുറയുന്നു

ആംസ്റ്റര്‍ഡാം: സ്ത്രീയും പുരുഷനും അര്‍ധനഗ്നരോ, നഗ്‌നരോ ആയി സമ്മേളിക്കുന്ന സ്‌നാനഗ്രഹങ്ങളും കാപ്പി ക്കടകളും തകര്‍ച്ചയുടെ വക്കില്‍. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും മെഡിറ്ററേനിയന്‍ തീരങ്ങളിലും അല്‍പവസ്ത്രധാരികളുടെ എണ്ണം കുറഞ്ഞുവരുന്നതായി പഠനങ്ങള്‍.
ജര്‍മനിയില്‍ തോട്ടപ്പണി തൊട്ടു ഫുട്‌ബോള്‍ വരെയുള്ള മേഖലകളില്‍ നഗ്നത പ്രോല്‍സാഹിപ്പിച്ചിരുന്നവര്‍ ഇപ്പോള്‍ യുവതലമുറയുടെ താല്‍പര്യക്കുറവ് കാരണം പിന്നാക്കം പോവുകയാണ്. കളിക്കാര്‍ വസ്ത്രമുപേക്ഷിക്കാന്‍ മടികാണിക്കുന്നുവെന്നാണു ഫുട്‌ബോള്‍ ക്ലബ് മാനേജര്‍മാരുടെ പരാതി.
ജര്‍മനിയില്‍ 2017ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇത് പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. പ്രത്യേകിച്ചും ഒരു കാലത്ത് കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായിരുന്ന കിഴക്കന്‍ ജര്‍മനിയില്‍.
നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക് റുട്ടെയുടെ സങ്കടം ചില മതവിഭാഗങ്ങളോടുള്ള പരിഗണന മൂലം നഗ്നര്‍ക്ക് മാത്രം പ്രവേശനമുള്ള ബീച്ചുകള്‍ അപ്രത്യക്ഷമാവുന്നതാണ്. ബലാല്‍സംഗവും വിവാഹബാഹ്യ ഗര്‍ഭധാരണവും വര്‍ധിച്ചതുമൂലം സ്ത്രീകള്‍ അല്‍പവസ്ത്രധാരികളായി പുറത്തിറങ്ങാന്‍ മടിക്കുന്നത് ഈ പ്രവണത ശക്തിപ്പെടാന്‍ കാരണമായി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന നഗ്നചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതു വ്യാപകമായതോടെ ആ ശീലത്തില്‍ കുറവുവന്നു. അര്‍ധനഗ്നരായി കടലില്‍ കുളിക്കാനിറങ്ങുന്നവരുടെ എണ്ണം 22 ശതമാനമായി കുറഞ്ഞു.
പ്രത്യേകിച്ചും യുവതികളാണിപ്പോള്‍ ശരീര പ്രകടനത്തില്‍ വിമുഖത കാണിക്കുന്നത്. ഒരു കാലത്തു നെതര്‍ലന്‍ഡ്‌സിലും ഫിന്‍ലന്‍ഡിലും സ്‌നാനഗ്രഹങ്ങളില്‍ വസ്ത്രം ധരിക്കുന്നതിനു വിലക്കുണ്ടായിരുന്നു. എന്നാല്‍ സ്‌നാനമോഹികളുടെ എണ്ണത്തില്‍ കുറവുവന്നതോടെ ചില ദിവസങ്ങള്‍ വസ്ത്രം ധരിക്കുന്നവര്‍ക്കായി മാറ്റിവയ്ക്കുകയാണ്. യൂറോപ്പിലേക്ക് മുസ്്‌ലിം കുടിയേറ്റം വര്‍ധിച്ചതു കൊണ്ടാണിതെന്നാണ് വലതുപക്ഷ വംശീയ വാദികളുടെ ആരോപണം.

RELATED STORIES

Share it
Top