യൂനിറ്റ് നിരക്ക്: കോര്‍പറേഷന്‍ യോഗത്തില്‍ വിമര്‍ശനം

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയുടെ യൂനിറ്റ് നിരക്കിനെച്ചൊല്ലി കണ്ണൂര്‍ കോര്‍പറേഷന്‍ യോഗത്തില്‍ വിമര്‍ശനം. ഇത്തരം പദ്ധതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികബാധ്യത സൃഷ്ടിക്കുകയാണെന്നും യൂനിറ്റ് ചെലവ് തദ്ദേശഭരണ വകുപ്പ് നാലുലക്ഷമാക്കി നിജപ്പെടുത്തിയിട്ടും പ്രതിസന്ധി തുടരുകയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
യൂനിറ്റ് നിരക്കുകള്‍ നിജപ്പെടുത്തി തദ്ദേശഭരണ വകുപ്പിന്റെ ഫെബ്രുവരിയിലെ ഉത്തരവും മാര്‍ച്ചിലെ ഉത്തരവും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഗുണഭോക്താക്കള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ രണ്ടുലക്ഷം രൂപ വരെ നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ 50000 രൂപ മാത്രമാണ് അനുവദിക്കുക.
കേന്ദ്ര വിഹിതമായ ഒന്നര ലക്ഷം രൂപ കൂടിച്ചേര്‍ത്ത് പദ്ധതി നടപ്പാക്കണമെന്നാണ് നിര്‍ദേശം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവില്‍ സര്‍ക്കാരിന് മേനി നടിക്കാനുള്ള തന്ത്രമാണിതെന്ന് ചിലര്‍ ആരോപിച്ചു. പിഎംഎവൈ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗുണഭോക്താക്കളെ യഥാവിധം അറിയിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. ബാങ്ക് അക്കൗണ്ടിലെ തെറ്റ് ഉള്‍പ്പെടെ നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗുണഭോക്താക്കളെ പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ്.
ഇതിന് ശാശ്വത പരിഹാരം കാണണമെന്നും പദ്ധതിയിലുള്‍പ്പെട്ടവരുടെ അപേക്ഷ സ്വീകരിച്ച്  പരിശോധന നടത്തി പെര്‍മിറ്റ് ഉടന്‍ നല്‍കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പെര്‍മിറ്റ് നിഷേധം ഉള്‍പ്പെടെയുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി വ്യക്തമാക്കി.
ഗുണഭോക്താക്കളെ ബന്ധപ്പെടാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പദ്ധതിയില്‍നിന്ന് പിന്മാറാനായി ഈ മാസം 15നകം ഒഴിവാകാന്‍ താല്‍പര്യമുള്ളവര്‍ അധികൃതരെ അറിയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നീര്‍ച്ചാലിലെ അമ്മായിത്തോട് പരിസരത്ത് പുലിമുട്ട് നിര്‍മിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ഭരണാനുമതി ലഭിച്ച തുകയില്‍ മൂന്നിടങ്ങളില്‍ പുലിമുട്ട് സ്ഥാപിക്കല്‍ പ്രായോഗികമല്ലെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തോട്ടടയെ ഒഴിവാക്കി. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വേനല്‍ക്കാലത്ത് തീ പടരാതിരിക്കാനുള്ള പരിഹാര നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു.
മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന യൂനിറ്റ് സ്ഥാപിക്കുക, പ്ലാസ്റ്റിക് ഒഴിച്ചുള്ള അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാരില്‍നിന്ന് പ്രത്യേകാനുമതി വാങ്ങുക, ഡസ്റ്റ് റിവ്യൂവര്‍ സ്ഥാപിക്കുക, തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുന്നോട്ടുവച്ചത്. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top