യൂനിറ്റ് ഓഫിസ് പൊന്നാനിയില്‍ തുറക്കുന്നത്് ആശ്വാസമാവും

പൊന്നാനി:ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള യൂനിറ്റ് ഓഫിസ് പൊന്നാനിയിലേയ്ക്കു മാറുന്നതോടെ ആശ്വാസത്തിലായിരിക്കുകയാണ് ഭൂമി നഷ്ടമാവുന്നവര്‍. നേരത്തെ കിലോമീറ്ററുകള്‍ താണ്ടിയായിരുന്നു പൊന്നാനിയിലുള്ളവര്‍ കോട്ടക്കലിലെ ഓഫിസിലെത്തിയിരുന്നത്.
ജില്ലയിലെ ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ലാന്റ് അക്വിസിസന്‍ ഓഫിസ് പൊന്നാനി മിനി സിവില്‍ സ്‌റ്റേഷനിലേയ്ക്കു മാറ്റാന്‍ കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. പൊന്നാനി താലൂക്കില്‍ കാപ്പാരിക്കാട് മുതല്‍ കുറ്റിപ്പുറം വരെയുള്ള ഭൂമി നഷ്ടമാവുന്ന 1500ഓളം പേര്‍ക്ക് പുതിയ മാറ്റം അനുഗ്രഹമായി. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ് പൊന്നാനി മിനിസിവില്‍ സ്‌റ്റേഷനിലേയ്ക്കു മാറ്റണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്ന മാറ്റമുണ്ടായത്. പൊന്നാനി താലൂക്കില്‍ ആറ് വില്ലേജുകളിലായി 1500 ഓളം പേര്‍ക്കാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടമാവുക. ഇതിനകം ആറു വില്ലേജുകളിലേയും പ്രാഥമിക റവന്യൂ സര്‍വേ പൂര്‍ത്തിയാവുകയും നാലു വില്ലേജുകളില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും മൂന്ന് വില്ലേജുകളില്‍ സ്ട്രക്ചറല്‍ വാല്യുവേഷനും മൂന്ന് വില്ലേജുകളില്‍ സബ്ഡിവിഷന്‍ റെക്കോര്‍ഡ്‌സ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.
ജൂണ്‍ 30 ഓടുകൂടി വില നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇത് പൂര്‍ത്തിയായാലുടന്‍ ഡാറ്റാ എന്‍ട്രിയും ത്രീഡി പബ്ലിക്കേഷനും അവാര്‍ഡ് എന്‍ക്വയറി പ്രവര്‍ത്തനവും നടക്കും. അവാര്‍ഡ് എന്‍ക്വയറിക്കായി ഭൂമി നഷ്ടമാവുന്നവര്‍ സ്ഥലത്തിന്റെ എല്ലാ രേഖകളുമായി ഓഫിസില്‍ എത്തേണ്ടതിനാലാണ് ഓഫിസ് എത്രയും വേഗം സൗകര്യപ്രദമായ സ്ഥലത്തേയ്ക്കു മാറ്റുന്നത്. 16 സര്‍വേയര്‍മാരുള്‍പ്പെടെ 25 ലധികം ജീവനക്കാരായിരിക്കും പൊന്നാനി യൂനിറ്റ് ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. മിനി സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലെ രണ്ട് മുറികളിലായാണ് ഓഫിസ് പ്രവര്‍ത്തിക്കുക. ഓഫിസിന്റെ സിവില്‍ വര്‍ക്കുകള്‍ നിര്‍മിതി കേന്ദ്രം പൂര്‍ത്തീകരിച്ചാലുടന്‍ ഒരാഴ്ചയ്കകം തന്നെ ഓഫിസ് പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം. ദേശീയപാത ലാന്റ് അക്വിസിഷന്‍ യൂനിറ്റ് 3 യുടെ ചുമതല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ടി മുരളിക്കായിരിക്കും.

RELATED STORIES

Share it
Top