യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍

കണ്ണൂര്‍: അപകടമരണമായി വിധിയെഴുതി പോലിസ് അന്വേഷണം അവസാനിപ്പിച്ച ചാലാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് സജീറിന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍. പുനരന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി.
സജീറിന്റെ പരിചയക്കാരനും അജ്മാനില്‍ ബിസിനസുകാരനുമായ കണ്ണൂര്‍ സ്വദേശി ദീപേഷ് ചേനോളിയാണ് സജീറിനെ കൊലപ്പെടുത്തിയതാണെന്നും പ്രതികളെ തനിക്കറിയാമെന്നും ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തതിന്റെ ആവേശത്തില്‍ പ്രവര്‍ത്തകര്‍ മുഴുകിയിരിക്കെയാണ് സജീറിന്റെ മരണവാര്‍ത്ത എത്തുന്നത്. 2011 മെയ് 17ന് തെക്കന്‍ മണലിലായിരുന്നു സംഭവം.
സജീറിനെ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് അപകടത്തില്‍പ്പെടുത്തി കൊന്നതാണെന്ന സംശയം തുടക്കത്തിലേ കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചിരുന്നു.
ഇതുപ്രകാരം ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ബൈക്കപകടത്തില്‍ മരിച്ചതാണെന്നായിരുന്നു നിഗമനം.
ദിവസങ്ങള്‍ക്കു മുമ്പാണ് സജീറിന്റെ മരണം കൊലപാതകമാണെന്നും സംഭവം ഒത്തുതീര്‍പ്പാക്കിയതാണെന്നും ദീപേഷ് ചേനോളി വെളിപ്പെടുത്തിയത്.

RELATED STORIES

Share it
Top