യൂത്ത് കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയില്ല; പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താത്തതിനെതിരേ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ തിരുവനന്തപുരത്തെ ഓഫിസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്നു മാറിനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ എ കെ ആന്റണിക്ക് തുറന്ന കത്ത് അയച്ചു.
പാര്‍ട്ടിക്കു വേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍ എന്ന പേരിലാണ് എ കെ ആന്റണിക്ക് കത്തയച്ചിരിക്കുന്നത്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നിട്ട് എത്ര നാള്‍ ആയെന്ന് ചോദിച്ചാല്‍ നിലവിലെ ഭാരവാഹികള്‍ക്ക് പോലും ഓര്‍മയുണ്ടാവില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്സിന്റെ യുവജന സംഘടനയില്‍ യുവജനങ്ങളുടെ പൊടിപോലുമില്ല. വയോജന സംരക്ഷണ കേന്ദ്രമായി ഇന്ദിരാഭവന്‍ മാറുമ്പോള്‍ ആ കേന്ദ്രത്തിലേക്ക് ആളെ കൂട്ടുന്ന പണിയാണ് യൂത്ത് കോണ്‍ഗ്രസ്സിനുള്ളതെന്നും കത്തില്‍ വ്യക്തമാക്കുന്നു. അഞ്ചര വര്‍ഷം കമ്മിറ്റി ഉണ്ടായിട്ടും ഓഫിസ് പണിയുന്നതിനെപറ്റി ആലോചിക്കാതെ കമ്മിറ്റിയുടെ കാലാവധി കഴിയാറായപ്പോള്‍ ഓഫിസ് പണിയുന്നത് യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പി ജെ കുര്യനെ മാറ്റണമെന്ന് പറയുന്ന യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ പുതുതലമുറയ്ക്ക് അവസരം കൊടുക്കാതെ കമ്മിറ്റിയില്‍ കടിച്ചുതൂങ്ങിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ വന്ന യുവനേതാക്കളുടെ പ്രസ്താവനകള്‍ പലതും നല്ല രീതിയില്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍, ഈ പറഞ്ഞ യുവ എംഎല്‍എമാര്‍  പാര്‍ട്ടിയേക്കാളും ജീര്‍ണിച്ച അവസ്ഥയാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിക്കെന്ന കാര്യം മനസ്സിലാക്കുന്നില്ല. നിലവിലെ ഭാരവാഹികളില്‍ 90 ശതമാനവും 40 വയസ്സ് കഴിഞ്ഞവരാണ്. ഇനിയും ഓടാത്ത വണ്ടിയെ പാര്‍ട്ടി ഓഫിസിനു തറക്കല്ലിടല്‍ എന്ന നാടകമുപയോഗിച്ച് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ ഏന്തി ഏന്തി കൊണ്ടുപോവാമെന്നാണ് മോഹം.
ഈ മാസം ഏഴിന് നടക്കുന്ന തറക്കല്ലിടലിന് കേരളത്തിലെ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ യുവാക്കളും ഒരു കാംപയിന്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാംപയിന്റെ ഭാഗമായി പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ തറക്കല്ലിടുന്ന ഏഴിന് തിരുവനന്തപുരത്ത് തറക്കല്ലിടുന്ന സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കും. ഈ സാഹചര്യത്തില്‍ കേരളത്തിലെ സാധാരണക്കാരായ ചെറുപ്പക്കാരുടെ അഭ്യര്‍ഥനയെ മാനിച്ച് എ കെ ആന്റണി ഉദ്ഘാടനത്തില്‍ നിന്നും മാറിനില്‍ക്കണമെന്നും സംഘടന തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top