യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

കൊട്ടാരക്കര: പെണ്‍കുട്ടിയോടൊപ്പം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലിസില്‍ അറിയിച്ച യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടാത്തല പണയില്‍ കൊടുവിള വീട്ടില്‍ പരേതരായ  ഗോപിനാഥന്റെയും സുഭദ്രയുടെയും മകന്‍ ശ്രീജിത്തി(28)നെയാണ് ഇന്നലെ പുലര്‍ച്ചെ 3.30ന് എഴുകോണിന് സമീപം കിള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജിത്തിനെ ആള്‍ ത്താമസമില്ലാത്ത സ്വന്തം വീട്ടില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം കണ്ടെത്തിയിരുന്നു. പ്രദേശവാസികളായ ചിലര്‍ ഇരുവരെയും പിടികൂടുകയും പോലിസില്‍ അറിയിക്കുകയും ചെയ്തു. ചിലര്‍ ശ്രീജിത്തിനെ മര്‍ദിച്ചതായും ആരോപണമുണ്ട്. പുത്തൂര്‍ പോലിസ് സ്ഥലത്ത് എത്തിയെങ്കിലും ഇരുവരുടെയും പരസ്പര സമ്മതപ്രകാരമാണു വീട്ടില്‍ എത്തിയതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീജിത്തിനോട് പിന്നീട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച ശേഷം മടങ്ങുകയായിരുന്നു. ശ്രീജിത്ത് തന്നെ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടാക്കുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം ശ്രീജിത്തിനെ രണ്ട് ദിവസമായി കാണാനില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ട ഇയാള്‍ അമ്മയോടൊപ്പം ആയിരുന്നു താമസം. ഏഴ് വര്‍ഷം മുമ്പ് അമ്മ ആത്മഹത്യ ചെയ്തിരുന്നു. ഏക സഹോദരി ഭര്‍തൃവീട്ടില്‍ താമസമായതോടെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ശ്രീജിത്തിന്റേത്. കൊട്ടാരക്കര പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. ഏക സഹോദരി: ഇന്ദു.

RELATED STORIES

Share it
Top