യുവാവിന് ചികില്‍സാ സഹായം അനുവദിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ആലപ്പുഴ: 15 വര്‍ഷമായി ചെറുകുടല്‍ ശരീരത്തിനു പുറത്ത് ബാഗില്‍ സൂക്ഷിക്കുന്ന യുവാവിന് കാരുണ്യ ബനവലന്റ് ഫണ്ടില്‍നിന്നും രണ്ടു ലക്ഷം രൂപ ചികിത്സാ സഹായം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
കായംകുളം കാര്‍ത്തികപ്പള്ളി തയ്യില്‍ പടീറ്റതില്‍ വീട്ടില്‍ മുകേഷിന് സഹായം അനുവദിക്കാനാണ് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസിന്റെ ഉത്തരവ്. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന മുകേഷിന്റെ ചികിത്സയ്ക്ക് പ്രതിവര്‍ഷം മൂന്നരലക്ഷത്തിലേറെ രൂപയുടെ ചെലവുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ചികിത്സാസഹായം അഭ്യര്‍ഥിച്ച് കാരുണ്യയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും സഹായം ലഭിക്കുന്ന രോഗങ്ങളുടെ പട്ടികയില്‍ മുകേഷ് അനുഭവിക്കുന്ന ‘ക്രോണ്‍സ് ഡിസീസ്’ ഉള്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി.  കാന്‍സറിനേക്കാള്‍ കഠിനമായ വേദനയാണ് മുകേഷ് അനുഭവിക്കുന്നത്.  പ്രത്യേക കേസായി പരിഗണിച്ച് മുകേഷിന് ധനസഹായം നല്‍കണമെന്ന അപേക്ഷ കാരുണ്യഫണ്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അയച്ചതായി ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുകേഷിന് ഇതുവരെ യാതൊരു ചികിത്സാസഹായവും ലഭിച്ചിട്ടില്ല. ഭക്ഷണം കഴിക്കാന്‍ പോലുമാകാത്ത മുകേഷിന്റെ അവസ്ഥ  മനസിലാക്കി പ്രത്യേക കേസായി പരിഗണിച്ച് ചികിത്സാ സഹായമായി രണ്ടുലക്ഷം രൂപ അനുവദിക്കണമെന്നാണ് കമ്മീഷന്‍ കാരുണ്യഫണ്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top