യുവാവിന് കുത്തേറ്റ സംഭവം; ജ്യേഷ്ഠനും പിതാവും അറസ്റ്റില്‍

എരുമേലി: ഇരുമ്പൂന്നിക്കരയില്‍ കഴിഞ്ഞ ദിവസം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളായി ഒളിവിലായിരുന്ന ജ്യേഷ്ഠനും പിതാവും അറസ്റ്റിലായി.
പേക്കാട്ട് തങ്കപ്പന്‍, മകന്‍ രാജു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേക്കാട്ട് അനിലി(42)നാണ് കുത്തേറ്റത്. പുറത്തു പിച്ചാത്തി കൊണ്ട് കുത്തേറ്റ അനില്‍ അപകടനില തരണം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കുടുംബവീതമായി ജ്യേഷ്ഠന്‍ രാജുവിന്റെയും പിതാവിന്റെയും കൈവശത്തിലുള്ള സ്ഥലത്തെ ഓലിയില്‍ നിന്നു വെള്ളമെടുത്തു പശുക്കളെ കുളിപ്പിക്കാന്‍ പമ്പു സെറ്റുമായെത്തിയ അനുജനെ ഇരുവരും തടഞ്ഞതാണു വാക്കേറ്റത്തിലും കത്തിക്കുത്തിലുമെത്തിയതെന്നു പോലിസ് പറഞ്ഞു.
സ്വത്തു വീതം വച്ചതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തമ്മില്‍ അസ്വാരസ്യത്തിലായിരുന്നു. പ്രതികള്‍ക്കെതിരേ വധശ്രമത്തിനാണു കേസെടുത്തിരിക്കുന്നതെന്നു മണിമല സിഐ ടി ഡി സുനില്‍കുമാര്‍, എരുമേലി എസ്‌ഐ മനോജ് മാത്യു എന്നിവര്‍ അറിയിച്ചു.

RELATED STORIES

Share it
Top