യുവാവിന്റെ മരണം: യുവതി അറസ്റ്റില്‍

പനമരം: യുവാവിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. യുവതി അറസ്റ്റില്‍. വെള്ളമുണ്ട പുളിഞ്ഞാല്‍ കോട്ടമുക്കത്ത് കോളനിയിലെ ലക്ഷ്മി(35)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പനമരം ചെറുകാട്ടൂര്‍ എടത്തില്‍ കോളനിയിലെ ശശി(26)യെ കേളോക്കടവ് പാടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചു മരിക്കാനോ തൂങ്ങി മരിക്കാനോയുള്ള സാധ്യതകള്‍ പരിസരത്തില്ലാത്തതിനാല്‍ തന്നെ തുടക്കം മുതലേ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയും മീനങ്ങാടി സിഐ പളനിയും പനമരം എസ്‌ഐ ടി ജെ സഖറിയയും സ്ഥലത്തെത്തി പ്രാഥമികനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രാഥമിക പരിശോധനാ റിപോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് ശശി മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചു. ഇതോടെയാണ് കൊലപാതകത്തിന്റെ സാധ്യത മുന്‍നിര്‍ത്തി പോലിസ് ഊര്‍ജിതാന്വേഷണം നടത്തിയത്.
ശശിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ലക്ഷ്മിയിലേക്ക് അന്വേഷണ സംഘമെത്തുന്നത്. തുടര്‍ന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളുകളഴിഞ്ഞു. ലക്ഷ്മിയുമായി ശശിക്കുണ്ടായിരുന്ന വഴിവിട്ട ബന്ധം പുറത്തറിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top