യുവാവിന്റെ ദുരൂഹമരണം പോലിസ് മര്‍ദനമേറ്റ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിന്റെ ദുരൂഹമരണം പോലിസ് മര്‍ദനമേറ്റാണെന്ന് ആശുപത്രി രേഖകള്‍. എടക്കാട് ബസാറില്‍ അരച്ചങ്കില്‍ പരേതനായ മമ്മൂട്ടിയുടെയും സക്കീനയുടെയും മകന്‍ ഉനൈസ് (32) ആണ് ഇക്കഴിഞ്ഞ രണ്ടിനു മരണപ്പെട്ടത്. എടക്കാട് പോലിസിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉനൈസ് രണ്ടുമാസം വീട്ടില്‍ കിടപ്പിലായ ശേഷമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെയും ആരോപണം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അന്നുതന്നെ പരാതി നല്‍കിയെങ്കിലും ഇതുവരെ മൊഴിയെടുക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ലെന്ന് സഹോദരന്‍ നവാസ് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ഇതിന്റെ റിപോര്‍ട്ടും ലഭിച്ചിട്ടില്ല.
കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. വീടിനു കല്ലെറിഞ്ഞുവെന്ന ഭാര്യാപിതാവിന്റെ പരാതിയെ തുടര്‍ന്ന് ഫെബ്രുവരി 21ന് ഉനൈസിനെ എടക്കാട് പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു വിട്ടയച്ചു. അന്നുരാത്രി ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ അജ്ഞാതര്‍ കത്തിച്ചു.
പിറ്റേന്നു എടക്കാട് സ്‌റ്റേഷനിലെ നാലു പോലിസുകാര്‍ വീട്ടിലെത്തി പിടിച്ചുവലിച്ചു കൊണ്ടുപോയി. എസ്‌ഐയുടെ നേതൃത്വത്തില്‍ ഏഴു പോലിസുകാര്‍ ചേര്‍ന്ന്  ക്രൂരമായി മര്‍ദിച്ചു. വൈകീട്ട് 4.30ഓടെയാണ് സ്‌റ്റേഷനില്‍നിന്നു വിട്ടയച്ചത്. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന് അവശനായ ഉനൈസിനെ രാത്രി തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്കായതിനാല്‍ മെഡിക്കോ ലീഗല്‍ കേസായാണ് പരിഗണിച്ചത്. എന്നാല്‍, അഞ്ചുദിവസം ആശുപത്രിയില്‍ കിടന്നിട്ടും പോലിസ് ഉനൈസിന്റെ മൊഴിയെടുത്തില്ല.
അതിനിടെ, കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റെന്നും ഇനി അധ്വാനിച്ചു ജീവിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും മര്‍ദിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിയില്‍വച്ച് ജില്ലാ പോലിസ് മേധാവിക്ക് ഉനൈസ് എഴുതിയ കത്ത് മരണശേഷം വീട്ടുകാര്‍ക്ക് കിട്ടി. ഈ കത്തിന്റെ പകര്‍പ്പും തലശ്ശേരി സഹകരണ ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സമ്മറിയുടെ പകര്‍പ്പും നവാസ് എടക്കാട് പോലിസില്‍ നല്‍കിയ പരാതിയുടെ രശീതിയും ഉള്‍പ്പെടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുള്ളത്.
സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍, മരണത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവി നേരിട്ട് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top