യുവാവിന്റെ കുടുംബത്തിന് സമാശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: പോലിസ് കസ്റ്റഡിയില്‍ കഴിയവെ മരിച്ച കാന്‍സര്‍ രോഗിയായ യുവാവിന്റെ കുടുംബത്തിന് ഉചിതമായ സമാശ്വാസം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. 2015 ഡിസംബര്‍ 15ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവെ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് വൈക്കം ഏഴുകാന്തുരുത്തുകര സ്വദേശിയായ യുവാവ് മരിച്ചത്.
യുവാവിന്റെ അമ്മ കുഞ്ഞമ്മ ഫയല്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗത്തിലുള്ളയാളാണ് മരിച്ച യുവാവ്. കാപ്പ പ്രകാരമാണ് യുവാവിനെ അറസ്റ്റ്‌ചെയ്തത്. കേസില്‍ കോട്ടയം ജില്ലാ പോലിസ് മേധാവിയില്‍നിന്നും കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. യുവാവ് സ്ഥിരമായി അക്രമപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നയാളാണെന്നാണ് പോലിസ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, പോലിസ് റിപോര്‍ട്ട് ശരിയല്ലെന്ന് അമ്മ വാദിച്ചു. കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചാണ് മരിച്ചത്. തുടര്‍ന്ന് കമ്മീഷന്റെ അന്വേഷണവിഭാഗത്തിലെ എസ്പി പരാതിയെക്കുറിച്ച് അനേ്വഷിച്ചു. പരാതിക്കാരിയുടെ മകന് പോലിസ് മര്‍ദനമേറ്റെന്ന പരാതി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എസ്പിയുടെ റിപോര്‍ട്ടിലും പറയുന്നത്. പരാതിക്കാരിയുടെ മകന്‍ കസ്റ്റഡിയില്‍ അല്ലായിരുന്നെങ്കില്‍ മതിയായ ചികില്‍സ ലഭിക്കുമായിരുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എങ്കില്‍ അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.
രേഖകളനുസരിച്ച് പരാതിക്കാരിയുടെ മകന്‍ പോലിസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സമാശ്വാസത്തിന് പരാതിക്കാരിയും അര്‍ഹയാണ്. അതിനാല്‍, പരാതിക്കാരിയുടെ കുടുംബത്തിന് ഉചിതമായ സമാശ്വാസം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഉത്തരവ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും ജയില്‍ മേധാവിക്കും അയച്ചുകൊടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top