യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

അന്തിക്കാട്: അരിമ്പൂര്‍ പഞ്ചായത്ത് നാലാംകല്ല് കായല്‍ റോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കരിയാറ്റില്‍ കുട്ടന്റെയും തങ്കയുടെയും മകന്‍ നിര്‍മാണ തൊഴിലാളിയായ കലേഷാണ് (35) മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ മുറ്റിശ്ശേരി വീട്ടില്‍ രതീഷിനെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു. കായല്‍ റോഡ് നാലു സെന്റ് കോളനി പരിസരത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഭാര്യയെ സംശയമുണ്ടായിരുന്നതായും രാത്രി ഓട്ടോ ഓടിക്കാന്‍ പോകാറുള്ള താന്‍ ടെറസില്‍ വന്ന് ഒളിച്ചിരിക്കുകയും അവിഹിത ബന്ധം കണ്ടെത്തിയപ്പോള്‍ ഭാര്യയെ വെട്ടുകയും തുടര്‍ന്ന് കലേഷിനെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതി പോലിസിനു നല്‍കിയ മൊഴി.
ഭാര്യ ജ്യോതിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട രതീഷ് ജ്യോതിയെ വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ജ്യോതി പുറത്തേക്ക് ഓടി. പിറകെ ഇറങ്ങിയ രതീഷ് അയല്‍ വീടുകളില്‍ ബഹളമുണ്ടാക്കി. ഇതിനിടെ കലേഷുമായും തര്‍ക്കമുണ്ടായി. രക്ഷപ്പെടാനായി ഓടിയ കലേഷിനെ വീടിനു തൊട്ടടുത്തുള്ള കടയുടെ മുന്നില്‍ വച്ച് പിറകെയെത്തിയ രതീഷ് തലയ്ക്കു പിറകില്‍ വെട്ടുകയായിരുന്നു. രതീഷും ഭാര്യയുമായി നിത്യം വഴക്കിടാറുണ്ടെന്നും കഞ്ചാവിന് അടിമയായ ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു പറയുന്നു. അന്തിക്കാട് എസ്എച്ച്ഒ പി കെ മനോജ് കുമാര്‍, എസ്‌ഐ എസ് ആര്‍ സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പ്രതിയെ പുലര്‍ച്ചെ സമീപത്തെ ബന്ധുവീടിന്റെ മുകളില്‍ നിന്നു പിടികൂടുകയായിരുന്നു.
വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. കലേഷിന്റെ മൃതദേഹം ജില്ലാ ആശുപത്രിയി ല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൈക്ക് വെട്ടേറ്റു ഗുരുതരാവസ്ഥയിലായ രതീഷിന്റെ ഭാര്യ ജ്യോതി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിഷേധം മൂലം പ്രതിയെ തെളിവെടുപ്പിന് എത്തിക്കാനായിട്ടില്ല. അരിമ്പൂര്‍ പഞ്ചായത്തില്‍ കഞ്ചാവുസംഘങ്ങള്‍ സജീവമാണെന്നും പോലിസും എക്‌സൈസും അടിയന്തരമായി നടപടികള്‍ കൈക്കൊള്ളണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.RELATED STORIES

Share it
Top