യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

കയ്പമംഗലം: ചെന്ത്രാപ്പിന്നിയില്‍ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു. എസ്ആര്‍വി സ്‌കൂളിന് സമീപം താമസിക്കുന്ന കാട്ടിലപീടികയില്‍ അബ്ദുല്‍മനാഫിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ വീടിന്റെ ജനല്‍പാളികള്‍ അടിച്ചു തകര്‍ക്കുകയും ബൈക്ക് തീവെച്ചു നശിപ്പിക്കുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ മനാഫ് കുറ്റിലക്കടവ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസികളായ യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് മനാഫ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രി വീടിന് പുറത്തിറങ്ങിയ മനാഫ്, തന്റെ വീട്ടുമുറ്റത്ത് യുവാക്കള്‍ നില്‍ക്കുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനിടയാക്കിയത്. ഇരുവരും ചേര്‍ന്ന് പട്ടികകൊണ്ട് അടിച്ചപ്പോള്‍ മനാഫ് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിനു ശേഷമാണ് വീടിന്റെ ജനല്‍പാളികള്‍ അടിച്ചു തകര്‍ക്കുകയും, വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. പരാതിയെ തുടര്‍ന്ന് മതിലകം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top