യുവാവിനെ മര്‍ദിച്ച് കാര്‍ തട്ടിയെടുത്ത സംഭവം: പ്രതികളെക്കുറിച്ച് സൂചന

കോഴിക്കോട്: സൗദിയില്‍ നിന്നു നാട്ടിലെത്തിയ യുവാവിന്റെ കാറിനെ പിന്തുടര്‍ന്ന് കവര്‍ച്ചാശ്രമം നടത്തിയ പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന് പോലിസ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ പൊറ്റമ്മല്‍ ജങ്ഷനിലാണ് സംഭവം. വെള്ള ഇന്നോവ കാറിലെത്തിയ ആറംഗ സംഘമാണ് കൃത്യത്തിന് പന്നിലെന്ന് സൂചന. കുഴല്‍ പണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്്‌നങ്ങളാവാം ഇതിനു പിന്നിലെന്ന് പോലിസ് സംശയിക്കുന്നു. അതോടൊപ്പം ജംനാസിന്റെ ഗള്‍ഫ് ബന്ധങ്ങളും അന്വേഷിക്കും. സൗദിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം കോഴിക്കോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് മുക്കം കുമരനല്ലൂര്‍ മുഹമ്മദ് ജംനാസും സുഹൃത്തുക്കളും അഞ്ജാത സംഘത്തിന്റ മര്‍ദനത്തിനിരയായത്. സുഹൃത്തുക്കളായ തണ്ണീര്‍ പന്തല്‍ സ്വദേശി ഷിയാദിനും പൂളക്കടവ് സ്വദേശി മനാഫിനുമൊപ്പമാണ് മുഹമ്മദ് ജംനാസ് കെഎല്‍-11 എഎല്‍ 1666 നമ്പര്‍ കാറില്‍ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലേക്കുള്ള യാത്രക്കിടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ ജംനാസ് പോവുന്നതിനിടെയാണ് മര്‍ദനം നടന്നത്. തട്ടിയെടുക്കപ്പെട്ട കാര്‍ മണിക്കൂറുകള്‍ക്കു ശേഷം അഴിഞ്ഞിലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെ പാലാഴി ഭാഗത്തു നിന്നെത്തിയ കാര്‍ പൊറ്റമ്മല്‍ ജങ്ഷനു സമീപം റോഡിനു കുറുകെ നിര്‍ത്തി വഴി തടയുകയായിരുന്നു. മാരകായുധങ്ങളുമായി കാറില്‍ നിന്നിറങ്ങിയവര്‍ മാരുതി കാറിനകത്തുണ്ടായിരുന്നവരോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് ജാക്കി ലിവറും കമ്പിയും ഉപയോഗിച്ച് കാറിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്തു. യുവാക്കളെ ആയുധങ്ങളുപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണും പണവും എടിഎം കാര്‍ഡുകളും ആധാര്‍ കാര്‍ഡുമെല്ലാം അടങ്ങിയ യുവാക്കളുടെ പഴ്‌സുകളും ജംനാസിന്റെ സ്യൂട്ട്‌കെയ്‌സും തട്ടിയെടുത്ത് ആള്‍ട്ടോ കാറുമായി ആക്രമി സംഘം കടന്നു കളഞ്ഞു. മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവാക്കളെ ആളു മാറി മര്‍ദിച്ചതെന്നാണ് പോലിസിന്റെ നിഗമനം. പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന് മെഡിക്കല്‍ പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top