യുവാവിനെ പോലിസ് മര്‍ദിച്ച് മാനസികരോഗിയാക്കിയെന്ന് പരാതി

അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് കൊല്ലം: അച്ഛന്‍ നല്‍കിയ പരാതിയില്‍ കസ്റ്റഡിയിലെടുത്ത മകനെ കുന്നിക്കോട് പോലിസ് സ്റ്റേഷനിലെ പോലിസ് ഉദേ്യാഗസ്ഥര്‍ മര്‍ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ കൊല്ലം റൂറല്‍ ജില്ലാ പോലിസ് സൂപ്രണ്ട് നിഷ്പക്ഷമായ അനേ്വഷണം നടത്തി നിയമാനുസൃതവും ഉചിതവുമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കുന്നിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം                                    കെ മോഹന്‍കുമാറിന്റെ ഉത്തരവ്.
കുന്നിക്കോട് എസ്‌ഐയും പോലിസുകാരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് സെല്ലിലിട്ടെന്നും വെള്ളം ചോദിച്ചിട്ട് കൊടുത്തില്ലെന്നും അവശനായപ്പോള്‍ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി തിരുവനന്തപുരം ഊളന്‍പാറ മാസികാരോഗ്യകേന്ദ്രത്തില്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു. രണ്ടാഴ്ച നീരീക്ഷിച്ചിട്ടും കാര്യമായ അസുഖമില്ലെന്ന് കണ്ടെത്തി ആശുപത്രി അധികൃതര്‍ വിടുതല്‍ ചെയ്തു.
ബന്ധുവും രാഷ്ട്രീയ നേതാവുമായ വ്യക്തിയാണ് തന്നെ പോലിസിനെ സ്വാധീനിച്ച് ഉപദ്രവിച്ചതെന്നും പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ പത്തനാപുരം പോലിസ് ഇന്‍സ്‌പെക്ടറില്‍ നിന്നും റിപോര്‍ട്ട്                           വാങ്ങിയിരുന്നു. പിതാവിന്റെ പരാതിയിലാണ് പരാതിക്കാരനെ കസ്റ്റഡിയിലെടുത്തതെന്നും പിതാവാണ് പരാതിക്കാരനെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു.  കുന്നിക്കോട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറും പോലിസ് ഹാജരാക്കി.
എന്നാല്‍ പോലിസ് റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പരാതിക്കാരന്‍ നിഷേധിച്ചു. രാഷ്ട്രീയക്കാരനായ ബന്ധുവാണ് പിതാവിനെകൊണ്ട് തനിക്കെതിരേ പരാതി നല്‍കിയതെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.  മരണം പോലും സംഭവിക്കാവുന്ന തരത്തില്‍ പോലിസുകാര്‍ ഉപദ്രവിച്ചു. തനിക്ക് സംഭവിച്ച പീഡനങ്ങളെ കുറിച്ചുള്ള പരാതിക്കാരന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളികളയാനാവില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.  പരിധിയില്‍ കവിഞ്ഞ ബലപ്രയോഗം നടന്നോയെന്നും പരാതിക്കാരനെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചോയെന്നുമുള്ള കാര്യങ്ങളില്‍ അനേ്വഷണം വേണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top