യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ പട്ടാപ്പകല്‍ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. നീലേശ്വരം പുതുക്കൈ സ്വദേശിയും നേരത്തെ ആലാമിപ്പള്ളിയില്‍ ഓട്ടോ ഡ്രൈവറുമായിരുന്ന ദിനേശന്‍(48)ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആശിഷ് വില്യംസ് (42) ആണ് കൊല്ലപ്പെട്ടത്. നേരത്തെ ആലാമിപ്പള്ളിയിലെ ബാറിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ജീവനക്കാരനായിരുന്ന ആശിഷിനെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് കോളജില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി പി വി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയില്‍ കാലിച്ചാനടുക്കം അട്ടക്കണ്ടത്തുള്ള എസ്റ്റേറ്റില്‍ സൂപ്രണ്ടായി ജോലിക്കെത്തിയത്. ആശിഷിന്റെ പിതാവ് നേരത്തെ ഇവിടെ സൂപ്രണ്ടായിരുന്നു. ഇയാള്‍ക്കെതിരേ ഭാര്യ നല്‍കിയ പരാതിയില്‍ കോടതിയില്‍ ഹാജരാകുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് എത്തിയപ്പോള്‍ ബാറില്‍ കയറി മദ്യപിച്ചു. ഈ സമയത്താണ് ദിനേശനുമായി കൈയാങ്കളിയുണ്ടായത്. ഇതേ തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ ഇയാളെ പുറത്തിറക്കി. അലാമിപ്പള്ളിയിലെ ബസ് സ്റ്റാന്റ് വരാന്തയില്‍ ഇരിക്കുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ ദിനേശ് മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top