യുവാവിനെ കൊന്ന് തമിഴ്‌നാട്ടിലെ പാറമടയില്‍ ഉപേക്ഷിച്ചു

കൊല്ലം: കിളികൊല്ലൂരില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം തമിഴ്‌നാട് നാഗര്‍കോവിലിലെ പാറമടയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പേരൂര്‍ തട്ടാര്‍കോണം പ്രോമസ് ലാന്‍ഡില്‍ രഞ്ജു(40)വിന്റേതെന്നു കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് കൊല്ലം പോലിസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. ഇയാളുടെ വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം ശാസ്ത്രീയ പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണ്.
യുവാവിനെ സുഹൃത്തുക്കള്‍ കൊന്നു കുഴിച്ചുമൂടിയതാണെന്ന സംശയം ബലപ്പെട്ടതോടെ സുഹൃത്തുക്കളില്‍ ഒരാളായ മയ്യനാട് കൈതപ്പുഴ സ്വദേശി ഉണ്ണിയെ കിളികൊല്ലൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. നാട്ടില്‍ വച്ചു മര്‍ദിച്ചു കൊന്നശേഷം കൊല്ലം ഇത്തിക്കരയാറ്റിന്‍ തീരത്തെ പൊന്തക്കാട്ടില്‍ ഒളിപ്പിക്കുകയും പിറ്റേന്ന് തമിഴ്‌നാട്ടിലേക്ക് കടത്തി നാഗര്‍കോവിലില്‍ കുഴിച്ചിട്ടുവെന്നുമാണ് ഉണ്ണി പോലിസിനോട് പറഞ്ഞത്.
കഴിഞ്ഞ ആഗസ്ത് 15നാണ് രഞ്ജുവിനെ കാണാതായത്. സംഭവദിവസം ഇയാളെ ചില സുഹൃത്തുക്കള്‍ പുറത്തു നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്ന് മദ്യപിക്കാനെന്ന വ്യാജേന വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് രഞ്ജുവിനെ കാണാതായത്.
രഞ്ജുവിന് ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വീട്ടില്‍ വന്ന സുഹൃത്തുക്കളും ക്വട്ടേഷന്‍ ബന്ധമുള്ളവരായിരുന്നു. രഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കിളികൊല്ലൂര്‍ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് നാടകീയ വഴിത്തിരിവുണ്ടായത്. രഞ്ജുവിനെ കൊലപ്പെടുത്തിയതായി പോലിസിന് ചില അജ്ഞാത സന്ദേശങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചപ്പോള്‍ രഞ്ജുവിന്റെ സുഹൃത്തുക്കള്‍ നാട്ടില്‍ നിന്നു മുങ്ങി. ചിലരെ ചോദ്യംചെയ്യുന്നതിനിടെയാണ് ഇവര്‍ മുങ്ങിയത്.
ഗുണ്ടാസംഘത്തിലെ ഒരാളുടെ ഭാര്യയുമായി രഞ്ജു പുലര്‍ത്തിയിരുന്ന അവിഹിതബന്ധമാണ് കൊലയില്‍ കലാശിച്ചതെന്ന് അറസ്റ്റിലായ ഉണ്ണി സമ്മതിച്ചതായും അറിയുന്നു.

RELATED STORIES

Share it
Top