യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസ്: നാലു പേര്‍ അറസ്റ്റില്‍

കാഞ്ഞാര്‍: യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. വീട്ടമ്മയടക്കം നാല് പേര്‍ അറസ്റ്റില്‍. സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. വെള്ളിയാമറ്റം കിഴക്കേ മേത്തോട്ടി താന്നിക്കുന്നേല്‍ സിനോയി (23) മരിച്ച കേസില്‍ രാജകുമാരി പുളിക്കലേടത്ത് അമല്‍ (26), രാജകുമാരി പുത്തന്‍പുരയ്ക്കല്‍ സുരേന്ദ്രന്‍ (30), മേത്തൊട്ടി ഇലഞ്ഞിക്കാട്ടില്‍ സന്തോഷ് ബാബു (48), ഭാര്യ അമ്പിളി (45) എന്നിവരാണു പിടിയിലായത്.
അയല്‍വാസിയായ ഇലഞ്ഞിക്കാട്ടില്‍ സന്തോഷ് ബാബുവിന്റെ പേരക്കുട്ടിയുടെ 56 കെട്ട് എന്ന ചടങ്ങ് നടക്കുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണു കൊലപാതകം നടന്നത്. സന്തോഷിന്റെ മരുമകന്‍ മനോരാജിന്റെ സുഹൃത്തുക്കളാണ് അമലും സുരേന്ദ്രനും. ഇവരെ കൂടാതെ മകളുടെ സുഹൃത്തുക്കളായ സ്ത്രീകളും ഈ സമയം വീട്ടില്‍ എത്തിയിരുന്നു.
അതിഥികള്‍ക്കായി വീട്ടില്‍ തന്നെ വാറ്റിയ ചാരായവും മദ്യവും സന്തോഷ് ഒരുക്കിയിരുന്നു. ഇത് കഴിച്ച ശേഷം സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് സിനോയിയുമായി ആദ്യം തര്‍ക്കം ഉണ്ടായി. ഇതിനു ശേഷം മടങ്ങിയ സിനോയിയെ കിണറിന് സമീപത്ത് വച്ച് അമലും സുരേന്ദ്രനും ചേര്‍ന്ന് അടിച്ച് വീഴ്ത്തി. മരിച്ചെന്നു കരുതി കിണറ്റില്‍ തള്ളുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന സിനോയിയുടെ ഭാര്യയുടെ പരാതിയില്‍ ബുധനാഴ്ചയാണു മൃതദേഹം കണ്ടെത്തുന്നത്. സുരേന്ദ്രന്റെ ഭാര്യ അമ്പിളിയുടെ അറിവോടെയായിരുന്നു ഇതെല്ലാം.

RELATED STORIES

Share it
Top