യുവാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

പാലാ: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിന്റെ ബൈക്കില്‍ കാറിടിപ്പ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ പാലാ പോലിസ് പിടികൂടി.ഉഴവൂര്‍ സ്വദേശി എബിന്‍ (20) എന്നയാളെ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പാലായില്‍വച്ചു കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഉഴവൂര്‍ സ്വദേശികളായ ധനേഷ് (22), ആകാശ് (18), രാമപുരം സ്വദേശി നന്ദു (22), ഏഴാച്ചേരി സ്വദേശി ജിഷ്ണു (20) എന്നിവരാണു പിടിയിലായത്. പിടിയിലായ ധനേഷും ജിഷ്ണുവും കുറവിലങ്ങാട് പോലിസ് സ്റ്റേഷനിലെ കഞ്ചാവ്, അടിപിടി കേസുകളിലെ പ്രതികളാണ്. പാലായില്‍ നിന്നു ബൈക്കില്‍ ഉഴവൂരുള്ള വീട്ടിലേക്കു പോവുകയായിരുന്ന എബിനെ പ്രതികള്‍ പിന്തുടര്‍ന്നുവന്നു മുണ്ടുപാലം ഭാഗത്തുവച്ചു കാറിടിച്ചു വീഴ്ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച എബിനെ പിന്തുടര്‍ന്ന് ആക്രമിച്ച ശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെട്ടു. വിവരം ലഭിച്ച ഉടന്‍ പാലാ ഡിവൈഎസ്പി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം പാലാ ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ അരമന എസ്‌ഐ കെ അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപകമായ തിരിച്ചില്‍ നടത്തി. തുടര്‍ന്ന് ബൈപാസ് റോഡില്‍വച്ച് പ്രതികളെ പോലിസ് കീഴടക്കുകയായിരുന്നു. എസ്‌ഐ സുരേന്ദ്രന്‍, റെജിമോന്‍ കുര്യാക്കോസ്, എഎസ്‌ഐ മാത്യു, സിവില്‍ പോലിസ് ഓഫിസര്‍ മാരായ തോമസ്, സുനില്‍കുമാര്‍, ബൈജി, സജി, സജീവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top